ഉള്ളൊഴുക്ക് ഒടിടിയിലേയ്ക്ക്!

ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഉള്ളൊഴുക്ക്. ജൂൺ 21ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിനെത്തുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. അടുത്ത വാരമോ ഓ​ഗസ്റ്റ് ആദ്യവാരമോ ഒടിടിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ആമസോൺ പ്രൈം വഴിയാകും സ്ട്രീമിം​ഗ്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിൽ പത്തോളം പ്രധാന കഥാപാത്രങ്ങൾ മാത്രമാണുള്ളത്. ഉർവശിയ്ക്കും പാർവതിയ്ക്കും പുറമേ അർജുൻ രാധാകൃഷ്ണൻ, അലൻസിയർ, പ്രശാന്ത് മുരളി, ജയ കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.

കുട്ടനാട്ടിലെ ഒരു വെള്ളപ്പൊക്കക്കാലത്ത് മകന്റെ മൃതദേഹം സംസ്‌കരിക്കാൻ വെള്ളമിറങ്ങുന്നതുവരെ കാത്തിരിക്കുന്ന അമ്മയുടെയും ഭാര്യയുടെയും കഥയാണ് ഉള്ളൊഴുക്കിലൂടെ ക്രിസ്റ്റോ ടോമി പറയുന്നത്. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേർന്ന് ആർ എസ്.വി.പി യുടെയും മക്ഗഫിൻ പിക്ചേഴ്സും ചേർന്നാണ് നിർമാണം. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഉള്ളൊഴുക്കിനെ ചലച്ചിത്ര മേളകളിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രം​ഗത്തെത്തിയിരുന്നു.

തിയേറ്ററുകളിൽ നാലാംവാരത്തിലെത്തിയ സിനിമ ഗോവ, തിരുവനന്തപുരം അന്താരാഷ്ട്രമേളകളിൽ അയച്ചിരുന്നു. മികച്ച സിനിമയായിട്ടും രണ്ടിടത്തും അവഗണിച്ചു. എന്നാൽ ഗോവ മേളയിൽ തിരഞ്ഞെടുക്കാതിരുന്നതിൽ ഒട്ടും അതിശയമില്ല.

കാരണം കുറച്ചുകാലമായി ഭേദപ്പെട്ട സിനിമകളൊന്നും അവിടെ കാണിക്കാറില്ല. ഏഴെട്ടു വർഷമായി ദേശീയ അവാർഡ് കിട്ടുന്ന സിനിമകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. ഗോവ മേളയുടെ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെങ്കിലും കേരളത്തിന്റെ സ്വന്തം മേളയിൽ എന്താണു സംഭവിച്ചതെന്ന്‌ അന്വേഷിക്കണമെന്ന്‌ സാംസ്കാരിക മന്ത്രി സജി ചെറിയാന് എഴുതിയ കത്തിൽ അടൂർ േ​ഗാപാലകൃഷ്ണൻ പറഞ്ഞു.

Vijayasree Vijayasree :