‘ഉദയനാണ് താരം’ എത്തുന്നു; റീ റിലീസ് വിവരങ്ങൾ പുറത്ത്

മലയാളത്തിലിപ്പോൾ റീറിലീസുകലുടെ കാലമാണ്. ജൂൺ ആറിന് മോഹൻലാൽ-അൻവർ റഷീദ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ‘ഛോട്ടാ മുംബൈ’ വീണ്ടും തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുകയാണ്. 18 വർഷങ്ങൾക്കിപ്പുറവും ചിത്രം കണ്ട് കയ്യടിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ മോഹൻലാലിന്റെ തന്നെ മറ്റൊരു ചിത്രവും റിലീസിനൊരുങ്ങുകയാണ്.

20 വർഷം മുൻപ് പുറത്തിറങ്ങിയ ‘ഉദയനാണ് താരം’ എന്ന ചിത്രമാണ് വീണ്ടും റിലീസിനെത്തുന്നത്. ജൂൺ 20-നാണ് ചിത്രം എത്തുക ശ്രീനിവാസൻ ആയിരുന്നു തിരക്കഥ. റോഷൻ ആന്റഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മിച്ചത്. 2005 ജനുവരി 21നാണ് ചിത്രം പുറത്തിറങ്ങിയത്.

അതേസമയം, ഛോട്ടാ മുംബൈ പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടിയിരുന്നു. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.

ആക്‌ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.

Vijayasree Vijayasree :