നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി നടൻ രമേശ് പിഷാരടി കോൺഗ്രസിൽ അംഗത്വം നേടിയത് വാർത്ത നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ സാന്നിദ്ധ്യമായിരുന്നു രമേഷ് പിഷാരടി.
എന്നാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ നിരവധി ട്രോളുകളാണ് അദ്ദേഹത്തിന്റെ നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
രമേശ് പിഷാരടിയുടെ വാക്കുകൾ:
ഒരു ഐതിഹാസികമായ വിജയം ഇടതുപക്ഷത്തിന് ഉണ്ടാകുമ്പോൾ ഓട്ടോമാറ്റികലി ഇടതുപക്ഷത്തെ സ്നേഹിക്കുന്നവർ ഞാൻ പ്രചാരണത്തിന് പോയത് കോൺഗ്രസിനാണ് എന്നത് കൊണ്ട് അവർ പലതും പറയും. അതൊന്നും ഒരു പൊങ്കാലയായി എനിക്ക് തോന്നിയില്ല. കൂടുതൽ ആളുകളും തമാശയാണ് പറഞ്ഞത്. ഒരു 20 ശതമാനം പേർ മാത്രമാണ് അന്തമായി നമ്മളെ ചീത്ത വിളിച്ചിട്ടുള്ളു. അത് ഒരു രണ്ടു മൂന്ന് ദിവസം ഉണ്ടായിരുന്നു.
അതുപോലെ ചോറ് പാത്രത്തിന്റെ ചിത്രം, അതേപോലുള്ള ഒരുപാട് പാത്രങ്ങൾ എന്റെ കൈയിൽ ഉണ്ട്. അതുപോലത്തെ ഒരുപാട് സാധനങ്ങൾ ഞാൻ സൂക്ഷിക്കുന്നുണ്ട്. ഗിഫ്റ് കിട്ടിയ സാധനങ്ങളും മറ്റു സാധനങ്ങളും. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മേടിച്ച സാധനങ്ങൾ ഇപ്പോഴുമുണ്ട്. അങ്ങനെ പ്രിയപ്പെട്ടത് പലതും സൂക്ഷിക്കാറുണ്ട്. പിന്നെ കമന്റ് പറയാനുള്ള സ്വാതന്ത്ര്യമൊക്കെ ഉണ്ട്. അതുപോലെ പലതിനും മറുപടിയും നൽകാറുണ്ട്. അവർ നമുക്ക് വേണ്ടി സമയം ചിലവാക്കുമ്പോൾ തിരികെയും സമയം കിട്ടുമ്പോൾ നമ്മൾ ചിലവാക്കണമല്ലോ. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോൾ നോക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ ഒന്നും തന്നെ ഞാൻ എന്റെ രാഷ്ട്രീയം പറയാറില്ല. അവിടെ വരുന്നവർ എന്റെ രാഷ്ട്രീയം നോക്കി വരുന്നവർ അല്ല. എന്നിലെ കലാകാരനെ തേടി വരുന്നവർ ആണ്. അതുകൊണ്ട് ധർമജന് വോട്ട് ചെയ്യുക എന്ന് പറഞ്ഞുപോലും ഒരു പോസ്റ്റ് എന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടില്ല. ആ സാഹചര്യത്തിൽ ഞാൻ പ്രചാരണത്തിന് പോയ സ്ഥാനാർത്ഥികൾ എല്ലാം തോറ്റു എന്ന ട്രോളുകൾ പരന്നു. ഒരു 15പേരോളം വിജയിച്ചു. അത് ആരും നോക്കില്ല. ഇതൊക്കെ ഒരു സന്തോഷത്തിന്റെ ഭാഗമാണ്. അത് കുഴപ്പമൊന്നുമില്ല.