‘എന്റെ അനിയന്റെ പേര് നിതിൻ രമേഷ് എന്നാണ്, അനിയൻ മിഥുൻ എന്റെ അനിയൻ അല്ല; മിഥുൻ രമേശിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 മത്സരാർത്ഥി അനിയന്‍ മിഥുന്‍ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.

മിഥുൻ വിഷയവുമായി ബന്ധപ്പെട്ട് രസകരമായ ഒരു സോഷ്യൽമീഡിയ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ നടനും അവതാരകനും ആർജെയുമായ മിഥുൻ രമേഷ്. അമ്മയ്ക്കും സഹോദരനുമൊപ്പുള്ള കുടുംബ ചിത്രം പങ്കുവെച്ചാണ് മിഥുന്റെ കുറിപ്പ്.

‘എന്റെ അനിയന്റെ പേര് നിതിൻ രമേഷ് എന്നാണ്. അനിയൻ മിഥുൻ എന്റെ അനിയൻ അല്ല’, എന്നാണ് കൂപ്പുകൈയുടെ ഇമോജി കൂടി പങ്കുവെച്ചുകൊണ്ട് മിഥുൻ സോഷ്യൽമീഡിയയിൽ കുറിച്ചത്. അനിയൻ മിഥുന്റെ പേരിനോടുള്ള സാമ്യം കാരണം സംഭവം കൃത്യമായി മനസിലാക്കാത്തവർ സൈബർ ആക്രമണം നടത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്തതുകൊണ്ടാകാം ഇത്തരമൊരു പോസ്റ്റ് ആർജെ മിഥുൻ പങ്കുവെച്ചതെന്നാണ് പ്രേക്ഷകരുടെ നിരീക്ഷണം.

മിഥുന്റെ കുടുംബചിത്രവും ക്യാപ്ഷനും വൈറലായതോടെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘മിഥുന്റെ വളരെ ന്യായമായ വിശദീകരണം, ഒരു മുൻകരുതലാണെന്ന് തോന്നുന്നു, നമുക്ക് നമ്മളെ തന്നെ തെളിയിക്കേണ്ട കാലമാണ്’, എന്നൊക്കെയാണ് ആർജെ മിഥുനെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട കമന്റുകൾ. അനിയൻ മിഥുന്റെ പ്രശ്നം ചർച്ചയായശേഷം സൈബർ ആക്രമണം നേരിടേണ്ടി വന്നോ? എന്നും ചിലർ കമന്റിലൂടെ മിഥുനോട് ചോദിക്കുന്നുണ്ട്.

ബിഗ്‌ബോസ് വീട്ടിൽ അനിയൻ മിഥുൻ നടത്തിയ ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു. ഓരോ മത്സരാർഥിയും അവരുടെ ജീവിതത്തിൽ സംഭവിച്ച പ്രധാന സംഭവങ്ങളെയും ഉയർച്ച താഴ്ചകളെയും ഒരു ഗ്രാഫ് രൂപത്തിൽ വരച്ചുകൊണ്ട് സഹമത്സരാർഥികളോട് വിചാരിക്കുന്ന ഒരു ടാസ്ക് ബിഗ്‌ബോസ് നൽകിയിരുന്നു. ഈ ടാസ്കിൽ അനിയൻ മിഥുൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായത്. തുടർന്നുണ്ടായ ചർച്ചകളിൽ മിഥുന്റെ വുഷു ചാമ്പ്യൻ ഷിപ്പ് അടക്കം ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളുമുണ്ടായി.

Noora T Noora T :