ആർമിയുടെ ഇമേജ് തകർക്കുന്ന പ്രസ്താവനയാണ് ഉണ്ടായത്, ലാലേട്ടന്റെ മുൻപിൽ നുണയാണെന്ന് സമ്മതിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഇല്ലായിരുന്നു; തുറന്നടിച്ച് മേജർ രവി

ബിഗ് ബോസ് സീസൺ 5 ൽ മത്സരാർത്ഥിയായ അനിയൻ മിഥുൻ ഇന്ത്യൻ സൈന്യത്തെ കുറിച്ച് പറഞ്ഞ കഥ വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. മിഥുന്റെ കഥ പച്ചക്കള്ളമാണെന്ന് പറഞ്ഞ് മേജർ രവി അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്

അനിയനെതിരെ എന്ത് നടപടിയുണ്ടാകുമെന്നും നിയപരമായി സൈന്യം നീങ്ങുമോയെന്നുമുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

‘അനിയൻ മിഥുൻ പറഞ്ഞ കാര്യങ്ങൾക്കെതിരെ നിയമപരമായി പോകുകയാണെന്ന് വെയ്ക്കുക, ഞാനാണ് അന്വേഷിക്കുന്നതെങ്കിൽ എന്റെ ആദ്യ ചോദ്യം നീ ഏത് ക്യാമ്പിലാണ് പോയത് എന്നാണ്. അങ്ങനെ ഒരു ക്യാമ്പില്ലെന്ന് ഞാൻ പറയും. തെറ്റിയതാകാം എന്നാണ് അവന്റെ മറുപടിയെങ്കിൽ എന്നാൽ ശരി നമ്മുക്ക് ആ ക്യാമ്പിൽ പോകാമെന്ന് പറയും ഞാൻ. സ്വാഭാവികമായും ലൊക്കേഷൻ അറിയില്ലെന്ന് അവൻ പറയും. അവിടെ തന്നെ പോയില്ലേ.

ഇനി ബൈ ചാൻസ് അവൻ ഒരു ക്യാമ്പിനെ കുറിച്ച് പറഞ്ഞെന്നിരിക്കട്ടെ, അടുത്ത ചോദ്യം നീ എവിടെയെങ്കിലും എഴുതി വെച്ചിട്ടാണോ കയറി പോയത് എന്നാണ്. ഒരു പട്ടാളക്യാമ്പിലും സിവിലിയൻമാരെ ഒരു അനുമതിയും ഇല്ലാതെ കയറി പോകാൻ അനുവദിക്കില്ല. തോക്കൊക്കെ നിരത്തി വെച്ചെന്നൊക്കെ പറയുന്നത് വെറും വ്യാജമാണ്.

ഇനി അവൻ താൻ പറയുന്ന കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെങ്കിൽ അത് തീർച്ചയായും സുരക്ഷ വീഴ്ചയാണ്. ഇനി നടന്നില്ലെന്നാണെങ്കിൽ അത് വെറും നുണയാണണെന്ന് അവന് സമ്മതിക്കേണ്ടി വരും, നുണയാണെന്ന് സമ്മതിച്ചാൽ തന്നെ പിടിച്ച് അകത്തിടേണ്ടി വരും’, മേജർ രവി പറഞ്ഞു.

ബിഗ് ബോസിൽ വെച്ച് തന്നെ നുണ പരിശോധന നടത്താനോ അറസ്റ്റ് ചെയ്യാനോ സാധ്യത ഉണ്ടോയെന്ന ചോദ്യത്തിന് മേജർ രവിയുടെ മറുപടി ഇങ്ങനെ-‘ഒന്നാമത് ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്നൊരു വിഷയമൊന്നുമായിട്ടില്ല. ആർമിയുടെ ഇമേജ് തകർക്കുന്ന പ്രസ്താവനയാണ് ഉണ്ടായത്.

പറഞ്ഞത് സത്യമാണെങ്കിൽ ആർമിയുടെ സുരക്ഷ വീഴ്ച എന്നതാണല്ലോ. അതായത് അയാൾ ക്യാമ്പിൽ കയറി ആ പെൺകുട്ടിയ കണ്ട് പ്രേമിച്ച്, ലോകം മുഴുവൻ കറങ്ങി, തിരിച്ച് കൊണ്ടുവിടുന്നു. പിന്നെ പറഞ്ഞത് ആ ഓഫീസർ പെൺകുട്ടി ഓപ്പറേഷന് പോകുമ്പോൾ ആ മുറിയിൽ കയറി ചെന്നുവെന്നാണ്. ആ സമയത്തൊന്നും ഒരിക്കലും ഒരി സിവിലിയനെ അകത്ത് കടത്തില്ല. ഒരു തീവ്രവാദി ആക്രമണം ഉണ്ടാകുമ്പോൾ ഒരു ലേഡി കമാന്റോ ഓഫീസർ റൊമാൻസ് നടത്തുകയാണോ ചെയ്യുക. അതുമാത്രമല്ല ഇതുപോലെ മുടിയൊക്കെ വളർത്തിയ ഒരാളെ ക്യാമ്പിലേക്ക് ആർമി ഉദ്യോഗസ്ഥർ കയറ്റി വിടുമെന്ന് കരുതുന്നുണ്ടോ? ഇത്തരത്തിൽ കളവ് പറഞ്ഞൊരാൾ ഇനി ബിഗ് ബോസിൽ തുടരണമോയെന്ന കാര്യമൊക്കെ ബിഗ് ബോസ് തീരുമാനിക്കട്ടെ. ലാൽ സാറിന്റെ ചോദ്യം ചെയ്യലിന് ശേഷം അവിടെ തുടരാൻ താത്പര്യമില്ലെന്ന് അനിയൻ മിഥുൻ ബിഗ് ബോസിനെ അറിയിച്ചുവെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഞാൻ ഏഷ്യാനെറ്റിനോട് ചോദിച്ചപ്പോൾ അവൻ വളരെ അധികം അസ്വസ്ഥനാണെന്നാണ് പറഞ്ഞത്. അവർക്ക് മനസിലായിട്ടുണ്ട് മിഥുൻ പറയുന്നത് കളവാണെന്ന്.

ലാലേട്ടന്റെ മുൻപിൽ നുണയാണെന്ന് സമ്മതിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നം ഇല്ലായിരുന്നു. അഭിനയിക്കാൻ നന്നായി അറിയുന്ന ആളായത് കൊണ്ടാണോ അതോ ഇനി കരഞ്ഞില്ലെങ്കിൽ രക്ഷയില്ലെന്ന് അറിയുന്നത് കൊണ്ടാണോ അദ്ദേഹം ചോദിച്ചപ്പോൾ അനിയൻ കരഞ്ഞതെന്ന് അറിയില്ല. ലാലേട്ടനുമായി ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹം ചോദിച്ചത് എങ്ങനെയാണ് അവന് ഇങ്ങനെ പറയാൻ സാധിക്കുകയെന്നാണ്. ലാൽ ഒരു ലെഫ്റ്റനെന്റാണ്. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലാകുമല്ലോ? കളവാണെന്ന് തെളിഞ്ഞാൽ എന്താകും ശിക്ഷ എന്ന ചർച്ചകളൊന്നും വേണ്ടതില്ല. ഇതൊരു താക്കീതിൽ തീരും. കാരണം ആ വ്യക്തിയെ ചോദ്യം ചെയ്താൽ തന്നെ കൂടുതൽ പോകുമെന്നൊന്നും തോന്നുന്നില്ല, അത്രയൊക്കെയേ പുള്ളി ഉള്ളൂ. ജനങ്ങളും അതിനെ അങ്ങനെ കണ്ടാൽ മതി. നുണ പറഞ്ഞത് ആരെ പറ്റിയാണെന്ന് ചിന്തിച്ചാൽ മതി. മിഥുൻ ജീവിച്ച് പോയ്ക്കോട്ടെ, കാരണം ഇനി വുഷുവും ഇല്ലല്ലോ, മുഴുവനായും തുറന്നുകാട്ടപ്പെട്ടില്ലേ’, മേജർ രവി പറഞ്ഞു

വീക്കിലി ടാസ്കിനിടെ ജീവിതാനുഭാവം വെളിപ്പെടുത്തുമ്പോൾ താൻ ഇന്ത്യൻ ആർമിയിലെ ഒരു കമാൻഡോയുമായി പ്രണയത്തിലായിരുന്നുവെന്നായിരുന്നു മിഥുൻ പറഞ്ഞത്. സന എന്നാണ് അവരുടെ പേരെന്നും അവരെ ക്യാമ്പിൽ താൻ സന്ദർശിച്ചിട്ടുണ്ടെന്നും മിഥുൻ പറഞ്ഞിരുന്നു. ന്റെ ഇഷ്ടം തുറന്ന് പറയുന്നതിന് മുൻപ് അവർ ഒരു യുദ്ധത്തിൽ നെറ്റിയിൽ വെടിയുണ്ട തറിച്ച് മരിച്ചുവെന്നാണ് അനിയൻ വെളിപ്പെടുത്തിയത്. .

Noora T Noora T :