ഇനി അത് ആര്‍ക്കും നല്‍കാനാവില്ല, ബാക്കി വന്ന കറന്‍സികള്‍ കണ്‍ഫെഷന്‍ റൂമില്‍ത്തന്നെ വച്ചാല്‍ മതിയെന്ന് ബിഗ് ബോസ്സ്! റോബിനെയും രജിത്ത് കുമാറിനെയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചപ്പോൾ

കഴിഞ്ഞ ദിവസം ടാസ്ക്കിന്റെ ഭാഗമായി ബിഗ് ബോസ്സിലേക്ക് എത്തിയ റോബിനേയും രജിത്ത് കുമാറിനേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു.

എന്തൊക്കെയുണ്ട് എന്നായിരുന്നു കണ്‍ഫെഷന്‍ റൂമില്‍ എത്തിയ റോബിനോടും രജിത്തിനോടും ബിഗ് ബോസിന്‍റെ ചോദ്യം. ഏല്‍പ്പിച്ച കാര്യം ഏറ്റവും നന്നായി ചെയ്യണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്നും അതിന് കഴിഞ്ഞെന്നാണ് കരുതുന്നതെന്നും രജിത്ത് കുമാര്‍ പറഞ്ഞു. മത്സരാര്‍ഥി അല്ലെങ്കിലും സീസണ്‍ ഓഫ് ഒറിജിനല്‍സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ചാം സീസണില്‍ ഒറിജിനലായി നിന്ന് കളിക്കണമെന്നായിരുന്നു തന്‍റെ ആഗ്രഹമെന്ന് റോബിനും പറഞ്ഞു.

ഹോട്ടല്‍ ടാസ്കില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് നല്‍കാനായി ബിഗ് ബോസ് കറന്‍സികള്‍ നല്‍കിയിരുന്നു. ഇരുവരും പലപ്പോഴായി അത് മത്സരാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. അതില്‍ എത്ര ബാക്കിയുണ്ടെന്ന് ബിഗ് ബോസ് ഇരുവരോടും ചോദിച്ചു. 320 എന്ന് റോബിനും 570 എന്ന് രജിത്തും പറഞ്ഞു. എന്നാല്‍ ഇനി അത് ആര്‍ക്കും നല്‍കാനാവില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. ബാക്കി വന്ന കറന്‍സികള്‍ കണ്‍ഫെഷന്‍ റൂമില്‍ത്തന്നെ വച്ചാല്‍ മതിയെന്നും. ഏല്‍പ്പിച്ച കാര്യങ്ങള്‍ ഇരുവരും ഭംഗിയാക്കിയെന്നും ബിഗ് ബോസ് അറിയിച്ചു.

മുന്‍ സീസണുകളിലെ ശ്രദ്ധേയ മത്സരാര്‍ഥികളാണ് രജിത്ത് കുമാറും, റോബിനും. മുന്‍ സീസണുകളിലെ മത്സരാര്‍ഥികളെ ഏതാനും ദിവസത്തേക്ക് ചലഞ്ചേഴ്സ് ആയി ഹൗസിലേക്ക് പറഞ്ഞയയ്ക്കുന്നത് മലയാളം ബിഗ് ബോസില്‍ ആദ്യമായാണ്..

ബിഗ് ബോസ് വീടിനുള്ളില്‍ എപ്പോഴും താന്‍ തിളങ്ങുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രജിത്ത് കുമാറിന്‍റെ കടന്നുവരവ്. നിലവിലെ മത്സരാര്‍ഥികള്‍ക്കുള്ളിലെ ഗ്രൂപ്പുകള്‍ പൊളിക്കലാണ് തന്‍റെ ലക്ഷ്യമെന്ന് ഇടയ്ക്ക് റോബിനോട് പറയുന്ന രജിത്ത് കുമാറിനെയും പ്രേക്ഷകര്‍ കണ്ടു. അതേസമയം എത്ര ദിവസത്തേക്കാണ് ഇവര്‍ ഉണ്ടാവുകയെന്ന് ബിഗ് ബോസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇരുവരുടെയും മടക്കം വൈകാതെ സംഭവിക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.

Noora T Noora T :