ബിഗ് ബോസ് മലയാളം സീസൺ 5 ലെ നാലാം സ്ഥാനം കരസ്ഥമാക്കിയാണ് ലക്ഷ്മിപ്രിയ തിരിച്ച് വണ്ടി കയറിയത്. നിലപാടുകൾ കൊണ്ടും സംസാരം കൊണ്ടുമൊക്കെ ആദ്യം തന്നെ ലക്ഷ്മിപ്രിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പലപ്പോഴും ലക്ഷ്മിപ്രിയയുടെ പല പൊട്ടിത്തെറികളും ഷോയിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞു. ജന്മനാട്ടില്‍ തിരികെയെത്തിയ ലക്ഷ്മിപ്രിയയ്ക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വലിയൊരു സ്വീകരണം തന്നെയാണ് നല്‍കിയത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹൗസിനുള്ളിലെ അനുഭവങ്ങളെക്കുറിച്ചും ദിൽഷയേയും റോബിനേയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ലക്ഷ്മിപ്രിയ
പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തെന്ന് മനസ്സിലാക്കിയല്ല പകരം ഹൗസിനുള്ളില്‍ ഞാനായിട്ട് നില്‍ക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ഇനി എവിടെ കൊണ്ടിട്ടാലും ഞാന്‍ ജീവിക്കും. ഭക്ഷണമോ വെള്ളമോ ഇല്ലെങ്കിലും വേണമെങ്കില്‍ ജീവിക്കും. ഇനി എത്ര കൊടിയ ശത്രുവിന്റെയൊപ്പവും ജീവിക്കും, ഇനി കൊല്ലാന്‍ കൊണ്ടുപോവുകയാണെങ്കില്‍ മരിക്കുന്നതിന് അല്പം മുമ്പുള്ള നിമിഷം വരെ സമാധാനം കണ്ടെത്താന്‍ ശ്രമിക്കും. എല്ലാ മനുഷ്യര്‍ക്കും വേണ്ടത് മനസ്സമാധാനമാണ്. മനസമാധാനം ഉണ്ടെങ്കിലേ പോസിറ്റിവിറ്റി ഉണ്ടാക്കാന്‍ സാധിക്കൂ
ഹൗസില്‍ വന്ന ശേഷം ആദ്യം എന്നെ വിഷമിപ്പിച്ചത് ജാസ്മിനായിരുന്നു. എനിക്ക് ജാസ്മിന്റെ അമ്മയുടെ മുഖഭാവമുണ്ടെന്നും എന്റെ സ്‌നേഹം ഫെയ്ക്കാണെന്നുമൊക്കെ പറഞ്ഞ് എന്നോട് ആദ്യം വഴക്കിന് വന്നത് ജാസ്മിനായിരുന്നു. പക്ഷെ, ഞാന്‍ ഒറ്റയ്ക്ക് വളര്‍ന്നതുകൊണ്ട് അവളുടെ അവസ്ഥ നന്നായി മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ജാസ്മിനോട് പലപ്പോഴും ക്ഷമിക്കാന്‍ സാധിച്ചു. ജാസ്മിന്‍ വളരെ നല്ല, സത്യസന്ധയായ ഒരു മത്സരാര്‍ത്ഥിയാണ്. യാതൊരുവിധ ശത്രുതയോ ദേഷ്യമോ എനിക്ക് ജാസ്മിനോട് ഇല്ല. അതേപോലെയായിരുന്നു എനിക്ക് നിമിഷയോടും. നിമിഷയും എന്റെ അതേ സാഹചര്യത്തില്‍ വളര്‍ന്ന കുട്ടിയായതുകൊണ്ട് എനിക്ക് വളരെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിച്ചു. പക്ഷെ, പിന്നീട് നിമിഷ എനിക്കെതിരെ തിരിഞ്ഞപ്പോള്‍ വലിയ സങ്കടം വന്നു. ആ വിഷമത്തിലാണ് ഞാന്‍ ഹൗസിനുള്ളില്‍ ശബ്ദമുയര്‍ത്തി സംസാരിക്കാനും പ്രതികരിക്കാനും ആരംഭിച്ചത്.
പുതിയ ജനറേഷന്‍ എന്ന് പറയുമ്പോള്‍ പഴയ കാര്യങ്ങളെല്ലാം മറന്നിട്ടല്ല നമ്മള്‍ പുതിയതിലേക്ക് കടക്കേണ്ടത്. പുതിയ കാലത്തെ എല്ലാ ആനുകൂല്യങ്ങളും നമ്മള്‍ അനുഭവിക്കുമ്പോള്‍ അതിനൊപ്പം പഴയ കാലത്തെ മൂല്യങ്ങളും ചേര്‍ത്തുപിടിയ്ക്കണം. റിയാസൊക്കെ വന്നശേഷം എന്നെ പഴയ തലമുറയില്‍ പെട്ടയാളായാണ് കരുതിയത്. ചിലപ്പോള്‍ എന്നെപ്പോലെയുള്ളവരെ താഴ്ത്തിക്കെട്ടണം എന്നായിരിക്കും അവരുടെ ചിന്ത. ബ്ലെസ്‌ലിയുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. ഇതുവരെയില്ലാത്ത ഒരു ഇമേജ് സൃഷ്ടിച്ചല്ല ഇവിടെ നില്‍ക്കേണ്ടത്. ബ്ലെസ്‌ലിയെ എനിക്ക് ഷോയില്‍ വരുന്നതിന് മുമ്പ് അറിയുകയേ ഇല്ല. അവസാനസമയങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാവരും കണ്ടു കാണുമല്ലോ. മതത്തിനോ രാഷ്ട്രീയത്തിനോ ഒന്നും ഞാന്‍ പ്രാധാന്യം കൊടുത്തിട്ടില്ല. മനുഷ്യനെ മനുഷ്യനായി കാണാനാണ് ഞാന്‍ ആഗ്രഹിച്ചത്.
ദിൽഷയാണ് യഥാർഥ വിന്നർ എന്ന് പറയാൻ പറ്റില്ല. കാരണം, ഒരു മനുഷ്യൻ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നു പോയിട്ടുണ്ടോ, ഒറ്റയ്ക്കുള്ള ഒരു ഗെയിമായിരുന്നോ? എന്നൊക്കെ പ്രേക്ഷകരാണ് വിലയിരുത്തേണ്ടത്. ഇങ്ങനെയൊരു ഗെയിം ആയിരിക്കുമ്പോൾ തികച്ചും ഇന്റിവിജ്വൽ ആയിരിക്കണമെന്നുണ്ട്. ആര് തളർന്നുപോയ നിമിഷത്തിലാണെങ്കിലും ഞാൻ ചേർത്തുപിടിച്ചിട്ടില്ലാത്ത ആരുമുണ്ടായിരുന്നില്ല. ഇങ്ങനെയുള്ള പല കാര്യങ്ങളിലൂടെ ദിലു കടന്നുപോയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് അതിന് ഉത്തരം. കുക്ക് ചെയ്യാനറിയാവുന്ന ക്ലീൻ ചെയ്യാനറിയാവുന്ന ഗെയിം കളിക്കുന്ന അങ്ങനെ എല്ലാം അറിയുന്ന ആളായിരുന്നു വിന്നറാകേണ്ടിയിരുന്നത്.
ബ്ലെസ്‌ലിക്ക് ദില്‍ഷയോടുള്ള മനോഭാവത്തെക്കുറിച്ചും ലക്ഷ്മിപ്രിയ പറഞ്ഞു. ‘സൗഹൃദമായാലും പ്രണയമായാലും രണ്ട് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. ദില്‍ഷ ബ്ലെസ്‌ലിയെ ഒരു കുഞ്ഞനിയനായിട്ടാണ് കാണുന്നത്. പക്ഷെ, ബ്ലെസ്‌ലി അങ്ങനെയല്ല കാണുന്നത്. ഇക്കാര്യം ഞാന്‍ പലപ്പോഴും ബ്ലെസ്‌ലിയോട് പറയാന്‍ ശ്രമിച്ചെങ്കിലും അവന്‍ അത് കേള്‍ക്കാനുള്ള മനസ്സുപോലും കാണിക്കാറില്ല. അതുകൊണ്ട് ഇക്കാര്യം നിയന്ത്രിക്കാന്‍ ദില്‍ഷയ്‌ക്കേ സാധിക്കൂ. ദില്‍ഷ പലപ്പോഴും ഇതേക്കുറിച്ച് ബ്ലെസ്‌ലിയോട് പറഞ്ഞിട്ടുമുണ്ട്. അവസാനമായപ്പോഴേക്കും ദില്‍ഷയ്ക്ക് സ്വസ്ഥതതയും സമാധാനവും പോലും നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇത്രയും ജീവിതാനുഭവങ്ങള്‍ ഉള്ള ഒരാളെന്ന നിലയ്ക്ക് ബ്ലെസ്‌ലി ചെയ്യുന്നത് ശരിയല്ല എന്നെനിക്ക് അറിയാം. അതില്‍ മാത്രമാണ് എനിക്ക് പ്രശ്‌നം. അല്ലാതെ അവര്‍ തമ്മിലുള്ള സൗഹൃദത്തിലോ സ്‌നേഹത്തിലോ എനിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല
പ്രണയം എന്ന വികാരം പെട്ടെന്നാണ് വരുന്നത്, പക്ഷേ അത് നിലനിൽക്കുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. ദിൽഷയേയും റോബിനേയും ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എനിക്ക് ആ വീട്ടിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന രണ്ട് പേർ അവരാണ്. ദിലുവിനേക്കാൾ ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ എനിക്ക് എന്റെ റോബിനെ തന്നെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം. ദിൽഷ മനസിലാക്കിയതിനേക്കാൾ അപ്പുറം റോബിനെ മനസിലാക്കിയിട്ടുള്ള ആളാണ് ഞാൻ. അവന്റെ ഓരോ നീക്കത്തിലും ചലനത്തിലുമൊക്കെ എനിക്ക് സന്തോഷമാണ്. റോബിൻ എന്നോടാണ് ഇത് ആദ്യം പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു, പുറത്തിറങ്ങിയതിന് ശേഷവും നിങ്ങളുടെ ഉള്ളിൽ പ്രണയം ഉണ്ടെങ്കിൽ ആലോചിച്ച് തീരുമാനം എടുക്കണമെന്ന്.
ദില്‍ഷ -റോബിന്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു:’ സത്യത്തില്‍ ദില്‍ഷയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടോ എന്നറിയില്ല. പലപ്പോഴും ഞാനത് ചോദിച്ചിട്ടുണ്ടെങ്കിലും അവള്‍ അതേക്കുറിച്ച് പറഞ്ഞിട്ടില്ല.
റോബിനുമായുള്ളത് നല്ല സുഹൃത്ബന്ധമാണ്. അതില്‍ പ്രണയത്തിന്റെ അംശമില്ല. സൗഹൃദവും പ്രണയവും കൂട്ടിക്കുഴയ്ക്കാന്‍ അവള്‍ക്ക് താത്പര്യമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പരസ്പരം മനസ്സിലാക്കിയ മുതിര്‍ന്ന വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് തമ്മില്‍ ഇഷ്ടമാണെങ്കില്‍ വിവാഹം കഴിയ്ക്കട്ടെ. നല്ല പിന്തുണയുമായി ഞാന്‍ കൂടെയുണ്ട്. അവന്‍ എന്റെ നല്ലൊരു അനിയനാണ്.’ ലക്ഷ്മിപ്രിയ പറയുന്നു.