തുടക്ക കാലത്ത് കടുത്ത മത്സരം, നയന്‍താരയേക്കാളും കുറഞ്ഞ പ്രതിഫലമായതിനാല്‍ അന്ന് പിന്മാറി!, ഇപ്പോള്‍ ഈ മലയാള ചിത്രത്തിന് വേണ്ടി തൃഷയും നയന്‍സും ഒരുമിച്ചെത്തുന്നു?

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരങ്ങളാണ് തൃഷയും നയന്‍താരയും. ഏകദേശം ഒരേ സമയത്ത് സിനിമാ രംഗത്ത് ചുവടുവെച്ച നയന്‍സും തൃഷയും നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളിലാണ് വേഷമിട്ടത്. തുടക്ക കാലത്ത് രണ്ട് പേരും തമ്മില്‍ കടുത്ത മത്സരവും ഉണ്ടായിരുന്നു.

രണ്ട് പേരുടെയും കരിയര്‍ നിരീക്ഷിച്ചാലും കൗതുകങ്ങള്‍ ഏറെയാണ്. കരിയറില്‍ കത്തി നില്‍ക്കവെയാണ് നയന്‍സിന്റെ വ്യക്തി ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതും 2011 ല്‍ നടി സിനിമകളില്‍ നിന്ന് മാറി നില്‍ക്കുന്നതും. ഈ സമയത്തും തൃഷ തിളങ്ങി നിന്നു. എന്നാല്‍ 2013 ഓടെ നയന്‍താര വന്‍ തിരിച്ചു വരവ് നടത്തി. അപ്പോഴേക്കും തൃഷയുടെ കരിയറില്‍ വീഴ്ചകള്‍ വന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള നായിക നടിമാര്‍ തമിഴകത്ത് തിളങ്ങിയതോടെ തൃഷയുടെ അവസരങ്ങള്‍ കുറഞ്ഞു.

അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ക്കായി നടി കാത്തിരുന്നതും ഇടവേളയ്ക്ക് കാരണമായി. എന്നാല്‍ നയന്‍താര ഈ വെല്ലുവിളിയെ നേരിട്ടു. താരമൂല്യം രണ്ടാം വരവില്‍ ഇരട്ടിയായ നയന്‍സ് തമിഴകത്തെ മുന്‍നിര നായിക നടിയായി. തൃഷയുടെ കരിയര്‍ ഗ്രാഫ് കുത്തനെ ഇടിഞ്ഞിരിക്കുകയായിരുന്നു ഈ സമയത്ത്.

എന്നാല്‍ കൊടി എന്ന ധനുഷ് ചിത്രത്തിലൂടെ തൃഷ വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചു. 96 എന്ന സിനിമ വന്‍ വിജയമായതോടെ തൃഷ വീണ്ടും ലൈംലൈറ്റില്‍ തിളങ്ങി. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലൂടെ തൃഷ വന്‍ പ്രശംസയാണ് പിടിച്ചു പറ്റുന്നത്.

ഇപ്പോഴിതാ നയന്‍താരയും തൃഷയും ഒരു സിനിമയില്‍ ഒരുമിച്ചെത്താന്‍ പോവുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതും മലയാള ചിത്രം റാമില്‍. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലാണ് നായകന്‍. ചില കാരണങ്ങളാല്‍ സിനിമ രണ്ട് ഭാഗമാക്കിയാണ് ഒരുങ്ങുന്നതെന്നും ഒന്നാം ഭാഗത്തിന്റെ അവസാനവും രണ്ടാം ഭാഗത്തില്‍ നായികയായും നയന്‍താരയാണ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിലെ നായിക തൃഷയാണ്. എന്നാല്‍ നയന്‍സിന്റെ വരവിനെ പറ്റി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

നേരത്തെ കാതുവാക്കുല രണ്ട് കാതല്‍ എന്ന സിനിമയില്‍ നയന്‍താരയും തൃഷയും ഒരുമിച്ച് അഭിനയിക്കാനിരുന്നതായിരുന്നു. എന്നാല്‍ പിന്നീട് സമാന്തയാണ് തൃഷയ്ക്ക് പകരം നായിക ആയെത്തിയത്. നയന്‍താരയേക്കാളും കുറഞ്ഞ പ്രതിഫലമായതിനാലാണ് തൃഷ പിന്‍മാറിയതെന്നായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

Vijayasree Vijayasree :