ആദ്യമായി നിർമാതാവായി ടൊവിനോ തോമസ്, നായകനായി എത്തുന്നത് ബേസിൽ ജോസഫ്; ആ ഹിറ്റ് കോംബോ വീണ്ടും

നിരവധി ആരാധകരുള്ള യുവതാരമാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അദ്ദേഹം ആദ്യമായി നിർമാതാവാകുകയാണ്. ടൊവിനോയുടെ നിർമാണത്തിൽ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മരണമാസ്സ്.

ബേസിൽ ജോസഫ് നാകനായി എത്തുന്ന ചിത്രം ഒരു കോമഡി എൻ്റർടെയിനറായാണ് പുറത്തെത്തുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ നിർമാതാക്കൾ.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ. പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചാണ്നടന്നത്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും പൂജാ ചടങ്ങിൽ സന്നിഹിതരായി.രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സിജു സണ്ണിയാണ് കഥ. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം, ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ ആണ് ടൊവിനോ നായകനായി അവസാനം പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ പണിപ്പുരയിലാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ടൊവിനോ അഭിനയിക്കുന്നത് എന്നാണ് വിവരം.

ഫാലിമി, ഗുരുവായൂർ അമ്പല നടയിൽ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് നായകനാകുന്ന നുണക്കുഴി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ജീത്തു ജോസഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തും. ലയേഴ്സ് ഡേ ഔട്ട്‌ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തെത്തിയത്.

Vijayasree Vijayasree :