ഒന്ന് തെറ്റിയാല്‍ മരണം….!; വീണ്ടും ആരാധകരെ ഞെട്ടിച്ച് ടോം ക്രൂസ്; അതീവ സാഹസിക സ്റ്റണ്ടിന്റെ വീഡിയോയുമായി അണിയറ പ്രവര്‍ത്തകര്‍

നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂസ്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അദ്ദേഹത്തിന്റെ നിലപാടിന് ആരാധകര്‍ മുമ്പും സാക്ഷിയായിട്ടുണ്ട്. ഇപ്പോഴിതാ മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ഏഴാം പതിപ്പിനായി ഒരു സാഹസികം കാട്ടിയിരിക്കുകയാണ് താരം. ഒരു ദിവസം മുപ്പതു തവണയാണ് സ്‌കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം വിമാനത്തില്‍നിന്നു ചാടിയത്.

അങ്ങനെ 500 ലധികം സ്‌കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂര്‍ത്തിയാക്കി. ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് രംഗം ടോം ക്രൂസും സംഘവും ചിത്രീകരിച്ചത് മാസങ്ങള്‍ എടുത്താണ്.

ഇതിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നോര്‍വെയില്‍ വച്ചാണ് ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗം എടുത്തത്. കാറ്റിന്റെ ഗതി അനുസരിച്ച് ബൈക്ക് ഓടിച്ച് പാറകള്‍ക്കിടയിലൂടെ ബൈക്ക് ജംപ് കൃത്യമായ നടത്താനുള്ള രംഗമാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. കാറ്റിന്റെ ഗതി തെറ്റിയാലോ, റാംപില്‍ നിന്നും മാറിയാലോ മരണം സംഭവിക്കാം.

ഇതിന് മുന്‍പുള്ള എംഇ പടത്തിനായി ടേക്ക് ഓഫ് ചെയ്യുന്ന വിമാനത്തിന്റെ ചിറകില്‍ പിടിച്ച് സഞ്ചരിച്ച ടോം ഇപ്പോള്‍ ചെയ്തിരിക്കുന്നത് അതിലും വലിയ സാഹസികതയാണ്. മിഷന്‍ ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്.

മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ക്രിസ്റ്റഫര്‍ മക്ക്വയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാര്‍ട്ട് വണ്‍ 2023 ജൂലൈ 14നും പാര്‍ട്ട് 2 2024 ജൂണ്‍ 28നും തിയേറ്ററുകളിലെത്തും.

Vijayasree Vijayasree :