ഓസ്‌കർ പുരസ്‌കാരം നേടിയ വിഖ്യാതചിത്രമായ ടൈറ്റാനിക്കിന്റെ നിർമ്മാതാവ് ജോൺ ലാൻഡൗ(63) അന്തരിച്ചു. ടൈറ്റാനിക്, അവതാർ എന്നീ സൂപ്പർ ഹിറ്റുകളുടെ സഹനിർമ്മാതാവാണ് അദ്ദേഹം. ഹോളിവുഡിലെ ഹിറ്റ്‌മേക്കർ ജെയിംസ് കാമറൂണിനൊപ്പമാണ് ടൈറ്റാനിക്, അവതാർ സിനിമകൾ ലാൻഡൗ നിർമ്മിച്ചത്.
മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തി. 31 വർഷത്തോളമായി ഒരുമിച്ച് പ്രവർത്തിച്ചിരുന്ന അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ജെയിംസ് കാമറൂൺ പറഞ്ഞു.
ജോൺ ലാൻഡൗവിന്റെ നിര്യാണത്തിൽ അവതാർ താരം സോ സൽദാനയും അനുശോചിച്ചു. ടൈറ്റാനിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനാകുന്നത്.
11 ഓസ്കാറുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 2009-ൽ പുറത്തിറങ്ങിയ അവതാറും 2022-ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗവും വലിയ ഹിറ്റായിരുന്നു.
1980 മുതലാണ് സിനിമാ നിർമാണ മേഖലയിലെ അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി ജോൺ ലാൻഡൗ പ്രവർത്തിച്ചു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആഗോള ബോക്സോഫീസിൽ 10 കോടി കടക്കുന്ന ആദ്യ സിനിമയായിരുന്നു ടൈറ്റാനിക്.