ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട് ദിലീപ്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്.
മാത്രമല്ല, ആരാധകരുമായി നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കാനും ദിലീപ് ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന്‍. വലിയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന താരം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന ചിത്രമാണിത്.
ദിലീപിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ. ഇതിനു മുന്‍പെത്തിയ വോയ്‌സ് ഓഫ് സത്യനാഥന്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ തന്നെ ബാന്ദ്രയുടെ വിജയം ദിലീപിന് അനിവാര്യമാണ്. ചിത്രത്തില്‍ തമന്നയാണ് നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്. നവംബര്‍ പത്തിന് ചിത്രം തിയേറ്ററിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഇപ്പോഴിതാ ദിലീപിന്റെ ഓസ്‌ട്രേലിയന്‍ ഷോയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ച് നടന്‍ ടിനി ടോം പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സുബിയെക്കുറിച്ചുള്ള ഓര്‍മ്മയാണ് നടന്‍ അഭിമുഖത്തില്‍ പങ്കുവെച്ചത്. ഓസ്‌ട്രേലിയയില്‍ ഒരു ഷോ സുബിക്ക് ലഭിച്ചു. സുബിയെ സിനിമാലയില്‍ ഇന്‍ഡ്രഡ്യൂസ് ചെയ്ത പ്രൊഡ്യൂസര്‍ ഡയാന ഒരു സാധനം ഓസ്‌ട്രേലിയയിലെ സഹോദരന് കൊടുക്കാന്‍ ഏല്‍പ്പിച്ചു. ഉണക്കമീനാണ് കൊടുത്തത്. പോകുന്നത് സൂപ്പര്‍സ്റ്റാര്‍ ദിലീപേട്ടന്‍ നയിക്കുന്ന പ്രോഗ്രാമിലാണ്.
ഉണക്കമീന്‍ കൊണ്ടുപോകാന്‍ സുബി യൂസഫ് എന്നയാളെ കൂടി പറഞ്ഞേല്‍പ്പിച്ചിരിക്കുകയാണ്. ഇവരെത്തിയപ്പോള്‍ തന്നെ മണം വന്നു തുടങ്ങി. പരമാവധി കെട്ടി വെച്ചിട്ടുണ്ടെങ്കിലും മണം ഉണ്ട്. ഏറ്റവും അവസാനമാണ് ഡയാനയുടെ സഹോദരന്റെ സ്ഥലം. ഓസ്‌ട്രേലിയ മൊത്തം കറങ്ങിയ ശേഷമേ ഇത് കൊടുക്കാന്‍ സാധിക്കൂ. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഗന്ധം വന്നു.
എന്ത് സാധനമാണിത്, ദൈവത്തെയോര്‍ത്ത് എവിടെയെങ്കിലും വെക്കാമോയെന്ന് ദിലീപേട്ടന്‍ ചോദിച്ചു. ദിലീപേട്ടന്‍ നയിക്കുന്ന പരിപാടിയില്‍ എന്തോ മണമെന്ന് സംസാരമായി. അവര്‍ക്കിത് പറയാനും പറ്റില്ല. ഏതോയൊരു സ്ഥലത്ത് വെച്ച് ഈ സാധനം നഷ്ടപ്പെട്ടു. സുബിക്കും യൂസഫിനും സന്തോഷമായി. രക്ഷപ്പെട്ടല്ലോ എന്ന് കരുതി. പിറ്റേ ദിവസം വേറൊരു സ്ഥലത്തേയ്ക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കൊറിയര്‍ ടീം നഷ്ടപ്പെട്ട സാധനവുമായി വന്നു. ദിലീപേട്ടന്‍ തലയില്‍ കൈ വെച്ച് പോയെന്നും ടിനി ടോം ചിരിച്ച് കൊണ്ട് ഓര്‍ത്തു.
സുബിയെ സിനിമാലയിലേക്ക് കൊണ്ടു വന്നതിനെക്കുറിച്ചും ടിനി ടോം സംസാരിച്ചു. സിനിമാലയുടെ പ്രൊഡ്യൂസര്‍ ഡയാന സ്‌കിറ്റ് ചെയ്യാന്‍ ഒരു പെണ്‍കുട്ടി വേണമെന്ന് പറഞ്ഞു. അങ്ങനെ സുബിയെ കൊണ്ടുവന്നു. അവളുടെ പെര്‍ഫോമന്‍സ് കണ്ട് ഷോയിലെ സ്ഥിരം സാന്നിധ്യമാക്കി. ആദ്യ ഗള്‍ഫ് ഷോയ്ക്ക് കൊണ്ടുപോകുന്നത് ഞാനാണ്. അതിന് ശേഷം ഒറ്റയ്ക്ക് പോയി തുടങ്ങിയെന്നും ടിനി ടോം ഓര്‍ത്തു. സുബിയുടെ മരണം വിശ്വസിക്കാന്‍ പറ്റിയില്ല. മരിക്കേണ്ട പ്രായത്തില്‍ അല്ല സുബി മരിച്ചതെന്നും ടിനി ടോം അന്ന് വ്യക്തമാക്കി.
സുബിയുടെ അടുത്ത സുഹൃത്തായിരുന്നു ടിനി ടോം. ടിനിയുള്‍പ്പെടെ നിരവധി സുഹൃത്തുക്കളെ സുബിയുടെ അപ്രതീക്ഷിത മരണം ദുഖത്തിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് നാല്‍പ്പത്തിരണ്ടുകാരിയായ സുബി കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുന്മനത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. ടിനി ടോം ആണ് സുബിയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്. കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.
സുബിയ്ക്ക് അസുഖമുണ്ടെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. തന്റെ ആരോഗ്യപരമായ വിഷമങ്ങളെ എല്ലാം മാറ്റി നിര്‍ത്തിയാണ് സുബി കളിച്ചും ചിരിച്ചും എല്ലാവര്‍ക്കും മുന്നിലെത്തിയിരുന്നത്. സുബിയെ ആരാധകര്‍ അടുത്തറിയാന്‍ തുടങ്ങിയത് സുബി യൂട്യൂബ് ചാനല്‍ തുടങ്ങിയ ശേഷമായിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെപ്പോലെ തന്നെ സുബിയും ആരാധകരുമായി സംവദിക്കാനും വിശേഷങ്ങള്‍ പങ്കുവെക്കാനുമായാണ് ചാനല്‍ തുടങ്ങിയത്. തന്റെ യാത്ര വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സുബി ചാനലിലൂടെ പങ്കുവെച്ചിരുന്നു.