ലഹരി ഉപയോഗിച്ച് പല്ലുകള്‍ പൊടിഞ്ഞ നടനാര്? എന്ന് കമന്റ്, ‘നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ ഉത്തരം കിട്ടുമെന്ന്’ ടിനി ടോം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിനിമാ ലോകത്തെ ലഹരി ഉപയോഗത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതേ കുറിച്ച് പറഞ്ഞ നടന്‍ ടിനി ടോമിനെതിരെ സിനിമ രംഗത്തുള്ളവര്‍ രംഗത്ത് വന്നിരുന്നു. സിനിമയിലെ ഒരു നടന്‍ ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയെന്ന ടിനിയുടെ പരാമര്‍ശത്തെച്ചൊല്ലിയായിരുന്നു പ്രധാനമായും വിമര്‍ശനങ്ങള്‍.

അങ്ങനെ ഒരു നടന്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പേര് വ്യക്തമാക്കാന്‍ ടിനി തയ്യാറാവണമെന്നായിരുന്നു ആവശ്യം. അല്ലാതെ എല്ലാവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിനി ടോമിനെ പിന്തുണച്ച് രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ രംഗത്ത് വന്നു.

ടിനി ടോമിനെ അഭിനന്ദിച്ചുകൊണ്ട് ഉമ തോമസ് എംഎല്‍എയും എഎം ആരിഫ് എംപിയും പങ്കുവെച്ച കുറിപ്പ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയും ചിലര്‍ പല്ലുപോയ നടനെക്കുറിച്ചുള്ള ചോദ്യവുമായി ചിലര്‍ രംഗത്ത് വന്നു. ഇതോടെ ‘നിങ്ങളുടെ നമ്പര്‍ എനിക്ക് ഇന്‍ബോക്‌സില്‍ അയക്കൂ, അത് ഞാന്‍ എക്‌സൈസിന് നല്‍കാം, അവര്‍ നടന്റെ പേര് നിങ്ങള്‍ക്ക് പറഞ്ഞ് തരും എന്നായിരുന്നു ടിനി ടോമിന്റെ മറുപടി.

മെയ് 5 ആം തീയതി കേരള സര്‍വകലാശാല യുവജനോത്സവ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു നടത്തിയ പ്രസംഗത്തിലായിരുന്നു ടിനി ടോമിന്റെ വിവാദ പരാമര്‍ശങ്ങള്‍. തന്റെ മകന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചതാണ്.

സിനിമയിലെ പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെ കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്കെന്നും ടിനി ടോം പറഞ്ഞു. താന്‍ ഒരു പുണ്യവാളന്‍ ഒന്നുമല്ല ജീവിതത്തിന്റെ വഴിത്തിരിവില്‍ എവിടെയൊക്കെയോ വഴിപിഴച്ചു പോയിട്ടുണ്ട്’.

പക്ഷേ ‘അതല്ല ജീവിതം; അതല്ല ലഹരി’എന്ന് തിരിച്ചറിഞ്ഞ് തന്റെ ജീവിതത്തില്‍ ഉടനീളം സമൂഹത്തിന്റെ നന്മയ്ക്കായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നതിലേക്ക് എത്തിയെന്നും താരം അന്ന് പറഞ്ഞിരുന്നു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

Vijayasree Vijayasree :