നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇന്നും ആരാധകർ ഓർത്തിരിക്കുന്ന ഒരുപാട് പരിപാടികളുടെ ഭാഗമായിരുന്നു ടിനി ടോം. പിന്നീട് സിനിമയിലുമെത്തി ടിനി ടോം. ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് ടിനി.
മാത്രമല്ല, മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമെല്ലാം അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട് ടിനി ടോമിന്. മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ച ടിനി പിന്നീട് ശ്രദ്ധേയ വേഷങ്ങളും ചെയ്തു. നടൻ മോഹൻലാലിനൊപ്പം ബിഗ് ബ്രദർ ഉൾപ്പെടെയുള്ള സിനിമകളിൽ ടിനി ടോം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് ടിനി ടോമിപ്പോൾ. ദേഷ്യപ്പെടാത്ത നടനാണ് മോഹൻലാലെന്ന് ടിനി ടോം പറയുന്നു.
അഞ്ചാറ് മാസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ലാലേട്ടൻ ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ ആകെ കാത്തിരുന്നത് അതിനാണ്. പക്ഷെ എവിടെയും ദേഷ്യപ്പെട്ടില്ല.ഒരു ദിവസം മാത്രം എന്തോ കാരണത്താൽ ഭക്ഷണം കഴിക്കുന്നില്ല. അത് മാത്രമേയുള്ളൂ പുള്ളിയുടെ ദേഷ്യം. സ്വയം ശിക്ഷിക്കുക എന്നതാണ്. ഒരു ചായ കുടിക്കുമ്പോൾ നൂറ് ശതമാനം അത് എൻജോയ് ചെയ്യും. വേണ്ടാത്ത സാധനം വേണ്ടെന്ന് പറയും. പക്ഷെ വേണമെന്ന് പറയുന്നത് ദുരുപയോഗം ചെയ്യില്ല.
ബാഗ്ലൂരിൽ ഷൂട്ട് ചെയ്തപ്പോൾ പുള്ളി ഒരു ഡിസെെറിലാണ് വന്നത്. ഫിലിമൊക്കെ പാെളിഞ്ഞ ഡിസെെർ. ചേട്ടന് വണ്ടിയിൽ ക്രേസ് ഇല്ലേയെന്ന് ഞാൻ ചോദിച്ചു. എന്തിനാണ് മോനെ, 25 വർഷമായി പരിചയമുള്ള ഡ്രെെവറാണ്. ആദ്യം ഞാൻ ഇൻഡികയാണ് മേടിച്ച് കൊടുത്തത്. ഞാൻ കയറിയിരുന്ന് ഇന്ന സ്ഥലത്ത് പോകണമെന്ന് പറഞ്ഞാൽ കൃത്യം കൊണ്ട് ചെന്നാക്കും. എനിക്കിത് മതിയെന്ന് ലാലേട്ടൻ പറഞ്ഞു. നിനക്കങ്ങനെ വല്ല ഭ്രാന്തുമുണ്ടോ എന്ന് ചോദിച്ചു. എനിക്ക് വണ്ടിയൊക്കെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു.
ഏത് വണ്ടിയാണ് നിനക്കിഷ്ടമെന്ന് ചോദിച്ചു. ലംബോർഗിനിയുടെ ഉറുസ് എന്ന വണ്ടിയെന്ന് ഞാൻ. നിനക്ക് കാണണോ എന്ന് ചോദിച്ചു. തമാശയാണെന്ന് ഞാൻ വിചാരിച്ചു. എന്നാൽ അദ്ദേഹം ഉടനെ സന്തോഷ് ടി കുരുവിളയെ വിളിച്ചു. പുള്ളി ഡിസ്ട്രിബ്യൂട്ടറോ മറ്റോ ആണ്. ഉറുസ് വന്നു. നീ ഒരു ഡ്രെെവ് എടുത്തിട്ട് വാ എന്ന് പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു. അപ്പോൾ തന്നെ ലാലേട്ടൻ പുതിയ വണ്ടിയെടുത്തു എന്ന് പറഞ്ഞു. പക്ഷെ അതല്ല. ഇവരൊക്കെ എന്ത് വിചാരിച്ചാലും ഒരു സെക്കന്റിൽ നടക്കുമെന്നും ടിനി ടോം പറയുന്നു.
മറ്റ് നടൻമാരെക്കുറിച്ചും ടിനി ടോം സംസാരിക്കുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ അമ്മ സംഘടനയെ സുരേഷ് ഗോപി പിന്തുണച്ചതിനെക്കുറിച്ചും ടിനി ടോം അഭിപ്രായം പങ്കുവെച്ചു. അച്ഛൻ മരിച്ചാൽ ജേഷ്ഠൻ കുടുംബം ഏറ്റെടുക്കുന്നത് പോലെ സുരേഷേട്ടൻ മുന്നിൽ നിന്നു. രാജി വെക്കരുതെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്ത് സംഭവമുണ്ടെങ്കിലും അവസാനം സിനിമാക്കാരുടെ നെഞ്ചത്തേ വരുള്ളൂ. അതിനാണ് റേറ്റിംഗ് കൂടുതൽ.
ഇത്രയും പരസ്യവും മറ്റും കൊടുത്തിട്ടും ഒരു പ്രശ്നം വന്നപ്പോൾ സിനിമാക്കാരെ ഇങ്ങനെ ആക്കിയല്ലോ എന്ന് ഞാൻ ആലോചിച്ചു. ടിനി എന്താ സിനിമയിലില്ലേ കേസിലൊന്നും കണ്ടില്ലെന്ന് എന്റെ വീട്ടിനടുത്തുള്ള ആൾ ചോദിച്ചു. അങ്ങനെ ജനറലെെസ് ചെയ്തു. ഏത് മേഖലയിലും ഇങ്ങനെ കേസ് വരും. പക്ഷെ സിനിമാ രംഗത്ത് ഭയങ്കരമായി കരിവാരിത്തേച്ച് കളഞ്ഞെന്നും ടിനി ടോം പറയുന്നു.
അമ്മ സംഘടനയ്ക്ക് വേണ്ടി നിരാഹാരം കിടക്കാം എന്ന് പറഞ്ഞ അമ്മമാരുണ്ട്. കാരണ 500 അംഗങ്ങളിൽ 75 ഓളം പേരേ സേഫ് ആയി ജീവിക്കുന്നുള്ളൂ. ബാക്കി എന്തൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അറിയാമോ. ജീവൻരക്ഷാ മരുന്നുകൾ ആജീവനാന്തം കൊടുക്കണം. കാണാമറയത്തുള്ള ജോലികളാണ്. പൊതുജനവും ഒരു ചാനലും ഇത് കണ്ടിട്ടുണ്ടാകില്ല. ഒരു ലക്ഷം രൂപയുടെ മരുന്ന് വരെ മാസം ഉപയോഗിക്കുന്ന ആൾക്കാരുണ്ട്. അവർക്ക് വർക്കുകളില്ല. അതിന് ഫണ്ട് ആവശ്യമാണ്.
അതിനായി കുടുംബ സംഗമം നടത്തി സ്പോൺസേർസിൽ നിന്ന് കിട്ടുന്ന കാശ് അവർക്ക് നൽകുന്നു. വലിയൊരു ചാരിറ്റി പ്രവർത്തനമാണ് അവിടെ നടക്കുന്നത്. അമ്മയിൽ പ്രവർത്തിക്കുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂയെന്നും ടിനി ടോം പറയുന്നു. ആ അമ്മമാരുടെ പ്രാർത്ഥനയാണ് സംഘടനയെ നിലനിർത്തുന്നത്. അത് കൊണ്ട് അമ്മ ഒരിക്കലും തകർന്ന് പോകില്ലെന്നും ടിനി ടോം പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് അമ്മ സംഘടന വിവാദത്തിലായത്.
ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള നടൻ സിദ്ധിഖിനെതിരെ റിപ്പോർട്ടിന് പിന്നാലെ ബലാത്സംഗ പരാതി വന്നു. മുകേഷ്, ജയസൂര്യ തുടങ്ങിയ താരങ്ങൾക്കെതിരെയും പരാതി വന്നു. ഇതോടെ സംഘടന വിശദീകരണം നൽകേണ്ട സാഹചര്യം വന്നു. എന്നാൽ ഇതിന് തയ്യാറാകാതെ പ്രസിഡന്റ് സ്ഥാനത്തുള്ള മോഹൻലാൽ രാജി വെക്കാൻ തീരുമാനിച്ചു. മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ആഴ്ചകളായിരുന്നു ഇത്. ദേശീയ തലത്തിൽ ഇത് ചർച്ചയായെങ്കിലും പിന്നീട് ഈ വിഷയം കെട്ടടങ്ങി. അമ്മ സംഘടനയ്ക്ക് വേണ്ടി ഒന്നിലേറെ തവണ ടിനി ടോം സംസാരിച്ചിട്ടുണ്ട്.
കരിയറിൽ ഷോകളും സിനിമകളുമായി തിരക്കിലാണ് ടിനി ടോം. കോമഡി വേദികളിൽ നിന്നുമാണ് ടിനി ടോം സിനിമാ രംഗത്തേക്ക് വരുന്നത്. ചെറിയ റോളുകളിൽ നിന്നും നായക വേഷത്തിലേക്ക് വരെ ഉയർന്നു. അണ്ണൻ തമ്പി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി ടിനി ടോം അഭിനയിച്ചിട്ടുണ്ട്. സിനിമകളിൽ മുഖം കാണിച്ച ആഗ്രഹിച്ച അന്നത്തെ ടിനി ടോമിന് ഇന്ന് ശ്രദ്ധേയ വേഷങ്ങൾ ലഭിക്കുന്നു. തന്റെ കരിയർ ഗ്രാഫിൽ സന്തോഷവാനാണെന്ന് ടിനി ടോം പറയുന്നത്.
കുറച്ച് നാളുകൾക്ക് മുമ്പ് സിനിമയിലെ ലഹരിയ്‌ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയത് ഏറെ വാർത്തയായിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. എന്റെ മകന് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് അവന് അവസരം ലഭിച്ചത്. പക്ഷേ സിനിമയിൽ അഭിനയിക്കാൻ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന പേടിയായിരുന്നു ഭാര്യയ്ക്ക് . സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്.
16-18 വയസിലാണ് കുട്ടികൾ വഴി തെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങി. ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നും പലരും പറയുന്നു. ഇപ്പോൾ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമുക്ക് ലഹരി’, എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകൾ.
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിർമാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചിൽ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ അത് പുറത്തുവിട്ടിട്ടില്ല. പരാതി കിട്ടിയാൽ അന്വേഷിക്കാമെന്നാണ് സർക്കാർ നിലപാട്. എന്നാൽ പരാതി നൽകാൻ നിർമാതാക്കളാരും തയ്യാറായിട്ടില്ല. ചിത്രീകരണം തടസപ്പെടുമെന്നാണ് ഇവർ പറയുന്ന കാരണം എന്നും നടൻ പറഞ്ഞിരുന്നു.
പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ തുടങ്ങിയ സിനിമകളിൽ ടിനി ടോമിന് ശ്രദ്ധേയ വേഷമാണ് ലഭിച്ചത്. കരിയറിൽ ചില സിനിമകളിൽ നായക നടനായും അഭിനയിച്ചിട്ടുണ്ട്. ടിനി നായകനായെത്തിയ സിനിമയാണ് ഓടും രാജ ആടും റാണി. കഴിഞ്ഞ ദിവസ ഈ സിനിമയെക്കുറിച്ച് സംവിധായകൻ വിജു വർമ സംസാരിക്കുകയുണ്ടായി.
ടിനി ടോം നായകനാണെന്ന് അറിഞ്ഞപ്പോൾ പല നടിമാരും ഈ സിനിമ ചെയ്യാൻ തയ്യാറായില്ലെന്ന് വിജു വർമ തുറന്ന് പറഞ്ഞു. നടി പ്രിയാമണിക്ക് സിനിമയുടെ കഥ ഇഷ്ടപ്പെട്ടതാണ്. വീട്ടിൽ പോയി സംസാരിച്ചു. എന്നാൽ ടിനി ടോമാണ് നായകനെന്ന് അറിഞ്ഞപ്പോൾ പ്രിയാമണി സിനിമ നിരസിച്ചു. ഒടുവിൽ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി നായികയായെത്തിയെന്നും വിജു വർമ വ്യക്തമാക്കി.
പ്രിയാമണി ചെയ്തത് ശരിയല്ല. നേരത്തെ ഇത് പറഞ്ഞ് കൂടായിരുന്നോ എന്ന് താനപ്പോൾ തന്നെ പറഞ്ഞിരുന്നെന്നും വിജു വർമ ഓർത്തു. മുമ്പൊരിക്കൽ ഇതേക്കുറിച്ച് പ്രിയാമണി സംസാരിച്ചിരുന്നു. സിനിമയുടെ കഥ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ പ്രതിഫലക്കാര്യത്തിൽ മാനേജരുമായി ധാരണയായില്ല. ടിനി ടോമാണ് നായകനാണെന്ന് അറിഞ്ഞപ്പോൾ പിന്മാറിയതിന് കാരണമുണ്ടെന്നും പ്രിയാമണി വ്യക്തമാക്കി. മുൻനിര നായക നടനല്ല ടിനി ടോം. ആ സമയത്ത് ഇങ്ങനെയൊരു സിനിമ ചെയ്യുന്നത് കരിയറിനെ ബാധിച്ചേക്കുമെന്ന് തോന്നിയെന്നും പ്രിയാമണി വ്യക്തമാക്കി. സിനിമകളിൽ നായകനായി ഇന്ന് ടിനി ടോമിനെ കാണാറില്ല. കൂടുതലും ക്യരക്ടർ റോളുകളാണ് ചെയ്യുന്നത്.
അടുത്തിടെ, സ്‌പോൺസർമാർ എന്ന പേരിൽ വരുന്ന വ്യാജന്മാരെക്കുറിച്ച് ടിനി ടോം പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇയാൾ ഫിസിക്കൽ ബൈബിളുണ്ടെന്ന് പറഞ്ഞ് അയാളുടെ വീട്ടിലേയ്ക്ക് എന്നെ കൊണ്ടുപോവുകയൊക്കെ ചെയ്തിരുന്നു. അതെന്ത് ബൈബിളാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. സ്‌പോർട്‌സ് കാറിൽ സഞ്ചരിക്കണം എന്ന് പറഞ്ഞപ്പോൾ ഞങ്ങളെ ഞെട്ടിക്കാൻ അത് വാടകയ്ക്ക് എടുത്ത് വന്നിരുന്നു അയാൾ. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ നടന്മാർ ഈ വ്യാജന്മാരാണ്. ഞങ്ങൾ ഷോയ്ക്ക് പ്രാക്ടീസ് ചെയ്യുന്ന ഇടങ്ങളിൽ വന്ന് ഒച്ചത്തിൽ ഞങ്ങളുടെ പേര് വിളിക്കും. ഞങ്ങളുമായി നല്ല ബന്ധമാണെന്ന് കാണിക്കാനാണ് ഇത്.
ഒരു ഷോയ്ക്കിടെ ഒരു വ്യാജൻ വന്ന് നടി ചഞ്ചലിനെ ഒന്ന് പരിചയപ്പെടുത്തി തരണമെന്ന് പറഞ്ഞു. മര്യാദയ്‌ക്കൊക്കെ പെരുമാറണമെന്ന് പറഞ്ഞാണ് ചഞ്ചലിനെ ഇയാൾക്ക് പരിചയപ്പെടുത്തി കൊടുത്തത്. പക്ഷെ ഇയാൾ ചഞ്ചലിനെ കേറി പിടിച്ചു. ചക്കരകുടം കണ്ടാൽ കയ്യിടാൻ തോന്നുമെന്നാണ് ഇയാളോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത്.
എന്നാൽ മമ്മൂട്ടിക്ക് ഇത്തരക്കാരെ കണ്ടാൽ അപ്പോൾ തന്നെ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. മൈക്കിൾ ജാക്‌സൺ ഡ്രെസ് ചെയ്ത് വരുന്നത് പോലെയാണ് ഒരാൾ വന്നത്. ഇയാളെ കണ്ടതും മമ്മൂക്കയ്ക്ക് പന്തികേട് മണത്തു. കണ്ടപാടെ മമ്മൂക്ക അയാളെ ഇറക്കിവിട്ടു. നമ്മുക്ക് ഭാവിയിൽ പ്രശ്‌നമാകുന്ന ഇത്തരം ബന്ധങ്ങൾ തുടരരുത് എന്നാണ് മമ്മൂക്ക പറഞ്ഞത്’ എന്നും അഭിമുഖത്തിൽ ടിനി ടോം പറഞ്ഞു.