അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം.’ ; നെടുമുടി വേണുവിനോട് മാപ്പ് ചോദിച്ച്‌ തിലകന്റെ മകള്‍

സദസില്‍ ആര്‍ദ്ര മനസുമായി ആളുകള്‍ കേട്ടിരിക്കെ നെടുമുടി വേണുവിനോട് പരസ്യമായി മാപ്പ് ചോദിച്ച്‌ തിലകന്റെ മകള്‍ ഡോ. സോണിയ . ‘അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണം.’ നെടുമുടി വേണുവിനോട് തിലകന്റെ മകള്‍ ഡോ. സോണിയ പരസ്യമായി മാപ്പ് ചോദിച്ചു. സദസില്‍ ആര്‍ദ്ര മനസുമായി ആളുകള്‍ അത് കേട്ടിരിക്കെ, നെടുമുടി കസേരയില്‍ നിന്ന് എഴുന്നേറ്റ് അടുത്തുചെന്ന് സോണിയയെ ആശ്വസിപ്പിച്ചു.

കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി ഇന്നലെ കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. ലോഹിതദാസ് തിരക്കഥ എഴുതിയ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്നൊരു ആക്ഷേപം സിനിമാലോകത്തുണ്ടായിരുന്നു. തിലകന്‍ തന്നെയാണ് ഒരിക്കല്‍ ആരോപണം ഉന്നയിച്ചത്. തിലകന്റെ ആരോപണം തന്നെ വേദനിപ്പിച്ചെന്ന് നെടുമുടി വേണു മുമ്ബ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

അതിനാല്‍ തന്നെ ഇരുവരും പിണക്കത്തിലുമായിരുന്നു. എന്നാല്‍ പിന്നീട് ലോഹിത ദാസ് തന്നെ തിലകന്റെ ആരോപണം നിഷേധിച്ചിരുന്നു, നെടുമുടി വേണുവിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം സോണിയയുടെ ആശംസാ പ്രസംഗമാണ് അതിന് കളമൊരുക്കിയത്. ‘വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ എന്ന ആമുഖത്തോടെയാണ് സോണിയ തുടങ്ങിയത്.

‘എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ തര്‍ക്കം വളരെയേറെ മൂര്‍ച്ഛിച്ച നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്ക് തോന്നി. തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും തമ്മില്‍ പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവുമെന്നും നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുതെന്നും ക്ലിനിക്കില്‍ നിന്ന് ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു.’

‘സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം. ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു.’വാക്കുകള്‍ അവസാനിപ്പിച്ച്‌ ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ നെടുമുടി വേണു എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിച്ചപ്പോള്‍ ആര്‍ദ്രമായ മനസ്സോടെ സദസ്സും അത് നോക്കി നിന്നു .

Thilakan-Nedumudi squabble; Thilakan’s daughter apologises on behalf of father

Sruthi S :