പൃഥ്വിരാജ്-ബ്ലെസി കൂട്ടില്‍പുറത്തെത്താനുള്ള ചിത്രമാണ് ‘ആടുജീവിതം’. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നതായാണ് സംശയം. യൂട്യൂബിലും ട്വിറ്ററിലുമാണ് ട്രെയിലറിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ‘ഫോര്‍ പ്രിവ്യു’ എന്ന് രേഖപ്പെടുത്തിയ പതിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്.
ഡെഡ്‌ലൈന്‍ എന്ന വിദേശ മാധ്യമമാണ് ട്രെയിലര്‍ പുറത്തുവിട്ടത്. എന്നാല്‍ ട്രെയിലര്‍ ചോര്‍ന്നതല്ലെന്ന രീതിയിലും വാര്‍ത്തകള്‍ വരുന്നുണ്ട്. ചിത്രത്തിന്റെ ഫെസ്റ്റിവല്‍ പ്രിവ്യൂ ട്രെയിലര്‍ പതിപ്പാണ് പ്രചരിക്കുന്നതെന്നാണ് വിശദീകരണം. ഈ വര്‍ഷം മെയ് മാസം നടക്കുന്ന കാന്‍ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേള്‍ഡ് പ്രിമിയര്‍ നടത്താന്‍ പൃഥ്വിരാജും ബ്ലെസിയും ലക്ഷ്യമിടുന്നുണ്ട്.
ഇതിന്റെ ഭാഗമായി പ്രമോഷന്‍ അടുത്ത ആഴ്ച തുടങ്ങും. പ്രിവ്യു പതിപ്പ് ലീക്ക് ചെയ്തതോടെ ട്രെയിലറിന്റെ ഒറിജിനല്‍ പൃഥ്വിരാജ് തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അതേസമയം ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
‘യൂട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയിലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലസിയ്ക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റിനു വേണ്ടി സമര്‍പ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്‌ലൈന്‍ എന്ന ഓണ്‍ലൈന്‍ മാഗസില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.’ എന്ന് തിരക്കഥാകൃത്ത് ബെന്യാമിന്‍ പറഞ്ഞു.
പൂജ റിലീസായി ഒക്ടോബര്‍ 20ന് ആണ് ചിത്രം തിയറ്ററുകളിലെത്തുക. മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.
മലയാള സിനിമയെ രാജ്യാന്തരതലത്തില്‍ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല പാന്‍ ഇന്ത്യന്‍ റിലീസ് ആകും ഇവര്‍ പദ്ധതിയിടുന്നതും. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.