ചിമ്പു എന്ന നടന്റെ വ്യക്തി ജീവിതം ഒരു കാലത്ത് വാർത്താ പ്രാധാന്യം നേടിയിരുന്നു. നയൻതാര, ഹൻസിക എന്നിവരുമായുള്ള പ്രണയമാണ് ചിമ്പുവിനെ മുമ്പ് വാർത്തകളിൽ നിറച്ചത്. രണ്ട് പ്രണയങ്ങളും തകർന്നു.ചിമ്പു കരിയറിലെ മോശം ഘട്ടത്തിലൂടെ കടന്ന് പോകുന്ന കാലത്താണ് ഹൻസികയുമായുള്ള പ്രണയം അവസാനിക്കുന്നത്. 40 കാരനായ ചിമ്പു ഇപ്പോഴും അവിവാഹിതനാണ്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ മിക്കപ്പോഴും നടന് നേരിടേണ്ടി വരാറുണ്ട്. ചിമ്പുവിനെക്കുറിച്ചുള്ള പുതിയൊരു വാർത്തയാണ് തമിഴ് മാധ്യമങ്ങളിൽ നിന്നും പുറത്ത് വരുന്നത്. നടൻ വിവാഹത്തിന് ഒരുങ്ങുന്നെന്നാണ് റിപ്പോർട്ടുകൾ.കുടുംബം നടന്റെ വിവാഹം തീരുമാനിച്ചെന്നും സിനിമാ രംഗത്ത് നിന്ന് തന്നെയുള്ള പെൺകുട്ടിയാണെന്നുമാണ് വിവരം.
തമിഴകത്തെ അറിയപ്പെടുന്ന നിർമാതാവാണ് ചിമ്പുവിന്റെ പിതാവ് ടി രാജേന്ദർ. ഇദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരു പ്രമുഖ ഫിലിം ഫിനാൻഷ്യറുടെ മകളാണ് വധുവെന്നും റിപ്പോർട്ടുണ്ട്. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ താൽപര്യമില്ലെന്നാണ് ബാച്ചിലറായി തുടരുന്നതിന് കാരണമായി മുമ്പൊരിക്കൽ ചിമ്പു പറഞ്ഞത്.ജീവിതത്തിൽ ആരെയെങ്കിലും പോയി വിവാഹം ചെയ്യാൻ പറ്റില്ല. കുട്ടികളെ വിവാഹത്തിന് നിർബന്ധിച്ച് ബുദ്ധിമുട്ടിക്കരുതെന്നാണ് മാതാപിതാക്കളോടുള്ള എന്റെ അപേക്ഷ. സമൂഹം നൽകുന്ന ഈ സമ്മർദ്ദം മൂലം തെറ്റായ നിരവധി വിവാഹങ്ങൾ നടന്നിട്ടുണ്ട്. മക്കൾ അവരുടെ ജീവിതം ജീവിക്കട്ടെ. ആരാണ് അവർക്ക് അനുയോജ്യരെന്ന് അവർ കണ്ടെത്തട്ടെ. അതിനൊക്കെയപ്പുറം ഒരാൾക്ക് പറ്റിയ വ്യക്തിയെ ശരിയായ സമയത്ത് അയക്കുന്ന ദൈവമുണ്ട്. അതുവരെയും നിശബ്ദമായി കാത്തിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ചിമ്പു അന്ന് വ്യക്തമാക്കി.
പ്രണയ ഗോസിപ്പുകളിൽ ഒരു കാലത്ത് തുടരെ വന്നിരുന്നെങ്കിലും ഇന്ന് ചിമ്പു വ്യക്തി ജീവിതത്തിൽ സ്വകാര്യത പുലർത്തുന്നു. നയൻതാരയുമായുള്ള ചിമ്പുവിന്റെ പ്രണയം വലിയ തോതിൽ ചർച്ചയായിരുന്നു. വല്ലവൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും അടുത്തത്. പ്രണയകാലത്ത് ഇരുവരുടെയും ചുംബന ദൃശ്യങ്ങൾ ലീക്കായി. ഇത് കോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും പിരിഞ്ഞു.പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഹൻസിക ചിമ്പുവിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. വാല് എന്ന സിനിമയ്ക്കിടൊണ് രണ്ട് പേരും പ്രണയത്തിലായത്. എന്നാൽ കുറച്ച് നാളുകൾക്കുള്ളിൽ ഇരുവരും അകന്നു. മുൻകാമുകിമാരായ രണ്ട് പേരും ഇന്ന് മറ്റൊരു ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു.