തെന്നിന്ത്യൻ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് തങ്കലാൻ. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ ട്രെയ്ലറിനും പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിച്ചത്. ഇപ്പോൾ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 15 നാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന പുതിയ വിവരം അനുസരിച്ച് വയനാട് ദുരന്ത പശ്ചാത്തലത്തിൽ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദ് ചെയ്തിരിക്കുകയാണ്. ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് തങ്കലാന്റെ അണിയറപ്രവർത്തകർ.
തമിഴ് സിനിമാ ചരിത്രത്തിെല മറ്റൊരു വമ്പൻ സിനിമയാകും പാ രഞ്ജിത്ത് സംവിധാനത്തിൽ പുറത്തെത്തുന്ന തങ്കലാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്. മേക്കോവറുകൾ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ ചിയാൻ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളിലൊന്നാണ് തങ്കലാനിലേത്. മലയാളി താരങ്ങളായ മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. പശുപതിയാണ് മറ്റൊരു പ്രധാനവേഷത്തിൽ എത്തുന്നത്.
പിരിയഡ്- ആക്ഷൻ ചിത്രമായാണ് തങ്കലാൻ ഒരുങ്ങുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. പ്രശസ്ത അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകരിലേയ്ക്ക് എത്തിച്ച ഗോകുലം മൂവീസ് ആണ്.