കഴിഞ്ഞ ദിവസമായിരുന്നു സിനിമ ചിത്രീകരണത്തിനിടെ നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിക്കേറ്റതായുള്ള വിവരങ്ങൾ പുറത്ത് വന്നത്. കൊച്ചി എംജി റോഡിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു. സംഭവത്തിൽ അമിത വേഗതയിൽ വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കൊച്ചി എംജി റോഡിലാണ് സംഭവം. ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിംഗിനെ നടൻ അർജ്ജുൻ അശോകനും മാത്യു തോമസിനും സംഗീത് പ്രതാപിനും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്ത് വന്നിരുന്ന വിവരം. പുലർച്ചെ 1.30 ഓടെയാണ് കാറ് കീഴ്മേൽ മറിഞ്ഞുള്ള ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്.
അർജ്ജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതാപും കാറിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. കാർ കീഴ്മേൽ മറിയുന്നതിനിടെ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. തുടർന്ന് എല്ലാവരെയും സിനിമയുടെ അണിയറ പ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ.
ബ്രോമൻസ് സിനിമിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം മഹിമ നമ്പ്യാരെ വെച്ച് ഈ സീൻ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗത്തിന്റെ ഡ്രോൺ ഷോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
അതേസമയം വാഹനം ഓടിച്ചത് നടൻമാർ ആരുമല്ലെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സ്റ്റണ്ട് ടീമിലെ പരിചയ സമ്പന്നനായ വ്യക്തിയായിരുന്നു കാർ ഓടിച്ചത്. ഈ സമയം അർജുനും സംഗീതും പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്നു. നടൻ മാത്യു തോമസ് വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന പ്രചരണവും തെറ്റാണെന്നും ഇവർ പറഞ്ഞു.
അർജുന് അപകടത്തിൽ നിസാര പരിക്ക് മാത്രമേ ഉള്ളൂ. അതേസമയം സംഗീതിന്റെ കഴുത്തിന് പൊട്ടലുണ്ടായിട്ടുണ്ട്. താരങ്ങൾ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അപകടത്തിൽ കാറിന്റെ ബോഡി പൂർണമായും തകർന്നു. വാഹനം കൊച്ചി സെൻട്രൽ പോലീസെത്തി സ്ഥലത്ത് നിന്ന് മാറ്റി. ഷൂട്ടിങ്ങിനിടെ തന്നെയാണോ അപകടം നടന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് അറിയിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകട സമയത്ത് വാഹനത്തിൽ കാമറ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ കണ്ടുവെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നും തന്നെയില്ല.
’18 പ്ലസ്’ എന്ന ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോമൻസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
ജോ ആൻ ജോ, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാൻസ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു തമിഴ് നടൻ കാർത്തി നായകനാകുന്ന ‘സർദാറിന്റെ 2’ എന്ന ചിത്രത്തിന്റെ സിനിമാ ഷൂട്ടിനിടെ സ്റ്റണ്ട്മാന് അപകടം സംഭവിച്ചത്. സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് 20 അടി താഴ്ചയിൽ നിന്നും വീണ് ദാരുണാന്ത്യം സംഭവിച്ചത്. സിനിമയുടെ നിർണ്ണായകമായ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഏഴുമലൈ എന്ന സ്റ്റഡ് മാന് 20 അടി ഉയരത്തിൽ നിന്ന് വീഴ്ച സംഭവിച്ചത്.