വിവാദങ്ങള്‍ക്കിടെ ‘ദ കേരള സ്റ്റോറി’ ഇന്ന് തിയേറ്ററുകളിലേയ്ക്ക്; ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കേരളത്തിലെ 21 ഇടങ്ങളില്‍!

ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ച ചിത്രം ‘ദി കേരള സ്‌റ്റോറി’ ഇന്ന് പ്രദര്‍ശനത്തിനെത്തും. ആദ്യദിനം കേരളത്തിലെ 21 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരിസ്‌പ്ലെക്‌സിലാണ് ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് 7 മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല എന്ന സംഭാഷണ ഭാഗം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അവസരവാദിയാണ് എന്ന് പറയുന്ന ഭാഗത്ത് നിന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് എന്നതില്‍ ഇന്ത്യന്‍ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണം എന്നതുള്‍പ്പെടെയാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം.

തിരുവനന്തപുരംഏരീസ് പ്ലക്‌സ്, പിവിആര്‍ ലുലു, പുനലൂര്‍ദേവ, കൊച്ചിപിവിആര്‍ ലുലു, സിനിപോള്‍, ഷേണായീസ്, തൃശൂര്‍ഇനോക്‌സ്, ജാസ്, പെരുമ്പാവൂര്‍ഇവിഎം, ആലുവമാതാ, ഇരിഞ്ഞാലക്കുടചെമ്പകശേരിയില്‍, പാലക്കാട്അരോമ, കോഴിക്കോട്ക്രൗണ്‍, സിനിപോള്‍ റീഗല്‍ (ഈസ്റ്റ്ഹില്‍), മഞ്ചേരിലാഡര്‍, പെരിന്തല്‍മണ്ണവിസ്മയ, വളാഞ്ചേരിപോപ്പുലര്‍, കാസര്‍ഗോഡ്‌സിനികൃഷ്ണ, കാഞ്ഞങ്ങാട്ദീപ്തി, വടകരകീര്‍ത്തി എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.

റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനം കൊച്ചിയില്‍ നടത്തിയിരുന്നു. ഷേണായീസ് തിയേറ്ററില്‍ നടന്ന പ്രത്യേക പ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകന്‍ എന്നിവരുള്‍പ്പെടെ ചിത്രം കാണാനെത്തിയിരുന്നു.

അതേസമയം ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ചിത്രത്തിനെതിരെ മൂന്ന് ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്.

സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. അതിനിടെ സിനിമയുടെ ട്രെയിലറിന് താഴെ നല്‍കിയിരിക്കുന്ന വിവരണത്തില്‍ നിര്‍മ്മാതാക്കള്‍ തിരുത്തല്‍ വരുത്തിയിരുന്നു.

ഏപ്രില്‍ 26ന് റിലീസ് ചെയ്ത ട്രെയ്‌ലറിന് ഒപ്പം നല്‍കിയിരുന്നത് കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നായിരുന്നു. എന്നാല്‍ ഇത് തിരുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥകളുടെ സമാഹാരമാണ് കേരള സ്‌റ്റോറി എന്നാണ് മാറ്റിയിരിക്കുന്നത്.

Vijayasree Vijayasree :