പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുത്തില്ല, ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ചു

പ്രഖ്യാപന സമയം തന്നെ വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയ ചിത്രമായിരുന്നു ദ കേരള സ്‌റ്റോറി. കേരളത്തിലെ ഭരണപ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്‌ക്കെടുക്കാതെ ദൂരദര്‍ശനില്‍ ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിച്ചു.

കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസുമുള്‍പ്പെടെ ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഡി.ഡി. നാഷണല്‍ ചാനലില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനുപിന്നില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രധാന ആരോപണമുയര്‍ന്നത്.

സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നല്‍കിയിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

‘കേരള സ്‌റ്റോറി’ എന്ന സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. വെള്ളിയാഴ്ച രാത്രി ദൂരദര്‍ശനിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നായിരുന്നു തിരുവനന്തപുരം സ്വദേശി കെ.ജി. സൂരജ് അഡ്വ. എസ്.കെ. ആദിത്യന്‍വഴി നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനടക്കം ഇമെയിലും അയച്ചിരുന്നു.

ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ക്കായി കാക്കാതെ കോടതിയിലെത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ടി.ആര്‍. രവി വ്യക്തമാക്കിയത്. ഹര്‍ജി ഏപ്രില്‍ 11ന് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.

Vijayasree Vijayasree :