‘ദി കേരള സ്‌റ്റോറി’ അണിയറ പ്രവര്‍ത്തകന് ഭീഷണി; സുരക്ഷയൊരുക്കി മുംബൈ പൊലീസ്

വിവാദ ചിത്രമം ‘ദി കേരള സ്‌റ്റോറി’യുടെ അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് ഭീഷണി. അജ്ഞാത നമ്പറില്‍ നിന്ന് സന്ദേശങ്ങള്‍ വരുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ സുദീപ്‌തോ സിംഗ് മുംബൈ പൊലീസിനെ അറിയിച്ചു. വീടിന് പുറത്ത് ഒറ്റയ്ക്ക് ഇറങ്ങരുതെന്നും സിനിമയില്‍ നല്ലതായി ഒന്നും തന്നെയില്ല സൂക്ഷിച്ചോളുമെന്നുമാണ് പ്രവര്‍ത്തകന് ലഭിച്ച സന്ദേശമെന്ന് മുംബൈ പൊലീസ് പറഞ്ഞു.

ഔദ്യോഗികമായി പരാതി നല്‍കാത്തതുകൊണ്ട് മുംബൈ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രേഖപെടുത്തിയിട്ടില്ല. ഭീഷണി ലഭിച്ച വ്യക്തിക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പെടുത്തിയിട്ടുണ്ട്. ഇനിയും ഇതുപോലെ കോളുകളും സന്ദേശങ്ങളും ലഭിച്ചേക്കാം എന്നും മുംബൈ പൊലീസ് പറഞ്ഞു.

അതേസമയം, ‘ദി കേരള സ്‌റ്റോറി’യ്ക്ക് പശ്ചിമ ബംഗാളില്‍ ഇന്നലെ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. വിദ്വേഷ പ്രചരണവും ആക്രമണ സംഭവങ്ങളും ഒഴിവാക്കുന്നതിനായാണ് നടപടിയെന്ന് മമത പറഞ്ഞു.

തമിഴ്‌നാടിന് പിന്നാലെയാണ് ഇപ്പോള്‍ പശ്ചിമ ബംഗാളിലും ദി കേരള സ്‌റ്റോറിക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്‌ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

Vijayasree Vijayasree :