എസ്പിബിയുടെ പൂര്‍ണകായ ശില്പം ഒരുങ്ങുന്നു; മുന്‍കൈയെടുക്കുന്നത് യേശുദാസ് നേതൃത്വം നല്‍കുന്ന സംഘടന

മാസ്മരിക ശബ്ദത്താല്‍ സംഗീതപ്രേമികളുടെ മനസ്സു കവര്‍ന്ന ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. ഗായകന്‍ എന്ന വിശേഷണത്തില്‍ മാത്രം ഒതുക്കാവുന്ന വ്യക്തിത്വമല്ല എസ് പി ബിയുടേത്. സര്‍വകലാവല്ലഭന്‍ എന്നു വിശേഷിപ്പിക്കാവുന്ന പ്രതിഭയായ എസ് പി ബി, സംഗീത സംവിധായകന്‍, അഭിനേതാവ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ അഭിനേതാവ്, ടെലിവിഷന്‍ അവതാരകന്‍, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അനശ്വര കലാകാരന്റെ പൂര്‍ണകായ ശില്പം ഒരുങ്ങുകയാണ്. പാലക്കാട് ആണ് രാജ്യത്ത് ആദ്യമായി എസ്.പി.ബി.യുടെ പൂര്‍ണകായ വെങ്കലപ്രതിമ സ്ഥാപിക്കാന്‍ പോകുന്നത്. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസ് നേതൃത്വം നല്‍കുന്ന, മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ ‘സമം’ ആണ് ശില്പം നിര്‍മിക്കാന്‍ മുന്‍കൈയെടുക്കുന്നത്.

കണ്ണൂര്‍ പയ്യന്നൂരിലെ കാനായിയില്‍ ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് പ്രതിമയുടെ നിര്‍മാണം നടക്കുന്നത്. പത്തടി ഉയരത്തില്‍ തൊഴുത് കൈകൂപ്പി നില്‍ക്കുന്ന രൂപത്തിലാണ് ശില്‍പം. വെങ്കലത്തില്‍ ഒരുക്കുന്നതിന് മുന്നോടിയായി കളിമണ്ണുകൊണ്ട് നിര്‍മിച്ച രൂപം പൂര്‍ത്തിയായിട്ടുണ്ട്. ഇനി മെഴുക് പൊതിഞ്ഞ ശേഷം വെങ്കലത്തിലുള്ള രൂപമാറ്റം ആരംഭിക്കും.

പൂര്‍ത്തിയായ ശില്പത്തിന് ഒരു ടണ്‍ ഭാരമുണ്ടാകും. നാലു മാസത്തിനുള്ളില്‍ ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി അനാവരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മെഴുകുപൊതിയലടക്കമുള്ള ബാക്കി പ്രവൃത്തികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു.

2020 സെപ്റ്റംബര്‍ 25നായിരുന്നു സംഗീത ലോകത്തെ കണ്ണീരിലാഴ്ത്തി എസ്പിബി യുടെ വിയോഗം. കോവിഡ് ചികിത്സയ്ക്കായി ചെന്നൈ എം ജി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന എസ് പി ബി ചികിത്സാനന്തരം കോവിഡ് മുക്തനാവുകയും തുടര്‍ന്ന് ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരണമടയുകയും ആയിരുന്നു. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് 1946ല്‍ എസ് പി ബിയുടെ ജനനം.

ശ്രിപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നാണ് എസ് പിബിയുടെ യഥാര്‍ത്ഥ പേര്. ഹരികഥാ കലാകാരനായ എസ് പി സാംബമൂര്‍ത്തിയും ശകുന്തളാമ്മയുടെയുമായിരുന്നു മാതാപിതാക്കള്‍. സംഗീതത്തോട് ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ച എസ് പി ബി കുട്ടിക്കാലത്ത് തന്നെ സംഗീതം അഭ്യസിച്ചുതുടങ്ങി. എന്നാല്‍ മകനെ എഞ്ചിനീയര്‍ ആയി കാണാന്‍ ആഗ്രഹിച്ച പിതാവ് എസ് പിബിയെ എഞ്ചിനീയറിംഗ് പഠനത്തിന് അയക്കുകയാണ് ചെയ്തത്.

എഞ്ചിനീയറിംഗ് പഠനത്തിനിടയിലും സംഗീതലോകത്ത് തിളങ്ങിയ എസ് പി ബി നിരവധി മത്സരങ്ങളില്‍ മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടു. ശാസ്ത്രീയ സംഗീതവും ലളിതസംഗീതവും ഒരുപോലെ ഇണങ്ങുന്ന എസ് പി ബി ഗാനമേള ട്രൂപ്പില്‍ നിന്നുമാണ് ചലച്ചിത്രപിന്നണിഗാന രംഗത്ത് എത്തിപ്പെടുന്നത്.

Vijayasree Vijayasree :