തങ്കത്തിളക്കത്തിന്റെ തങ്കം!
വ്യത്യസ്ത പ്രമേയങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ശ്യാം പുഷ്‌കരന്റെ എല്ലാ സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഇടുക്കി ഗോള്‍ഡ്, ഇയ്യൂബിന്റെ പുസ്തകം, റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി തുടങ്ങി എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് .

ആഷിഖ് അബു, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ടീമിനോടൊപ്പം ശ്യാം പുഷ്‌ക്കരന്റെ പുതിയ ചിത്രം തങ്കവും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. വിനീത് ശ്രീനിവാസനും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തങ്കത്തില്‍ വിനീത് തടത്തില്‍ ഡേവിഡും അപര്‍ണ ബാലമുരളിയും ഒക്കെ തന്നെ ശക്തമായ കഥാപാത്രങ്ങളുമായി മുന്നോട്ട് പോകുന്നു.

മുത്ത്, കണ്ണന്‍ എന്നിവരാണ് തങ്കത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഉറ്റസുഹൃത്തുക്കളായ ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ‘തങ്ക’ത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്.എന്ത് പ്രശ്‌നം വന്നാലും ഹാപ്പിയല്ലേ എന്നു ചോദിച്ച് പരസ്പരം ആശ്വസിപ്പിക്കുകയും താങ്ങാവുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ഇരുവരും വളരെ ഭംഗിയാക്കിയിട്ടുണ്ട്.

കൂര്‍മബുദ്ധിശാലിയായ ജയന്ത് സഖല്‍ക്കര്‍ എന്ന മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥനെ ഗിരീഷ് കുല്‍ക്കര്‍ണി അനായാസം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ സിനിമയെ ഒറ്റയ്ക്ക് മുന്നോട്ടുനയിക്കുന്നുണ്ട് ഈ കഥാപാത്രം. വിനീത് തട്ടില്‍ അവതരിപ്പിച്ച കൂട്ടുകാരന്‍ വേഷം പലപ്പോഴും ചിരിയും കയ്യടിയും വാങ്ങുന്നുണ്ട്. പല സ്ഥലങ്ങളിലൂടെ പല കാലങ്ങളിലൂടെയുള്ള യാത്രയാണ് തങ്കം. ഒരു കൂട്ടം കഥാപാത്രങ്ങൾ കൃത്യമായി കൂട്ടിയിണക്കിയതിൽ സംവിധായകൻ സഹീദ് അറാഫത്ത് വിജയിച്ചു. ബിജിബാലും ഗൗതം ശങ്കറും കിരൺ ദാസും ഒരുമിച്ചു വർക്ക് ചെയ്തതിന്റെ ദൃശ്യാനുഭവം പ്രേക്ഷകന് നന്നായി കിട്ടുന്നുണ്ട്. ശ്യാം പുഷ്ക്കരൻ മലയാളിയെ ഒട്ടും നിരാശപ്പെടുത്തിയില്ല എന്നുള്ളതിന്റെ തെളിവാണീ തങ്കത്തിളക്കം