സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അർജുനെതിരെ പരാതിയുമായി തെലങ്കാന കോണ്‍ഗ്രസ് നേതാവ്

അല്ലു അര്‍ജുനെതിരെ പരാതിയുമായി തെലങ്കാന കോണ്‍ഗ്രസ് നേതാവ് തീന്‍മര്‍ മല്ലണ്ണ. പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്നതിനെതിരെയാണ് മല്ലണ്ണ രം​ഗത്തെത്തിയിരിക്കുന്നത്. നിയമപാലകരുടെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന മര്യാദയില്ലാത്ത രംഗമാണിത്. ഇത് അംഗീകരിക്കാനാകില്ല എന്നാണ് പരാതിയിൽ പറയുന്നത്.

ഇത് സംബന്ധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സുകുമാറിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം പുഷ്പ -2 ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യങ്ങള്‍ക്കൊന്നും അല്ലു അര്‍ജുന്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് അറിയുന്നത്.

ഡിസംബര്‍ നാലിന് സന്ധ്യ തീയേറ്ററില്‍ വെച്ചായിരുന്നു സംഭവം. താരം തീയേറ്ററില്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിക്കുകയും അവരുടെ ഒമ്പതുവയസുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ആയിരുന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടൻ തിയേറ്റർ സന്ദർശിച്ചപ്പോഴുണ്ടായ പ്രശ്നത്തിൽ യുവതി മകിച്ചുവെന്ന് നടനെ അറിയിച്ചിട്ടും മടങ്ങിപ്പോകാൻ തയ്യാറായില്ലെന്നാണ് പോലീസ് പറയുന്നത്. അല്ലു അര്‍ജുന്റെ തീയേറ്റര്‍ സന്ദര്‍ശനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അല്ലു അർജുന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സംഘമാണ് നടന്റെ വീട് ആക്രമിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം കല്ലേറ് നടത്തി.

ചെടിച്ചട്ടികൾ തകർത്തു. സുരക്ഷാ ജീവനക്കാരെയും കൈയേറ്റം ചെയ്തു. തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ആക്രമികളെ കസ്റ്റഡിയിലെടുത്തു. പത്തോളം പേരടങ്ങുന്ന സംഘമാണ് വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയത്. ഉസ്മാനിയ സർവകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്. മരിച്ച രേവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Vijayasree Vijayasree :