കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഈ വേളയിൽ പൾസർ സുനി നടത്തിയ ചില ആരോപണങ്ങൾ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. ഈ വേളയിൽ ഇക്കര്യങ്ങളിലെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷക ടിബി മിനി.
ഒരു മാധ്യമപ്രവർത്തകനോട് സുനി എല്ലാം തുറന്നുപറയുമോയെന്നും സ്റ്റിംഗ് ഓപ്പറേഷൻ ആണെന്ന് സുനിക്ക് മനസിലാകാതിരിക്കുമോയെന്നൊക്കെയുള്ള ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ദിലീപിന് വേണ്ടി സുനി ബോധപൂർവ്വം നടത്തിയതാണ് ഇതെല്ലാമെന്നാണ് ടിബി മിനി പറയുന്നത്. സുനിയുടെ വെളിപ്പെടുത്തൽ അതിജീവിതയ്ക്കല്ല, മറിച്ച് ദിലീപിന് തന്നെയാണ് ഗുണം ചെയ്യുകയെന്നും മിനി പറഞ്ഞു.
വെളിപ്പെടുത്തൽ നടത്തിയത് ഒന്നാം പ്രതിയാണ്. ഈ കേസിൽ ആരൊക്കെ സ്വയം വെള്ളപൂശാൻ നടത്തിയാലും പൾസർ സുനിയാണ് ഈ കുറ്റകൃത്യം നടത്തിയത്. അയാളെ എത്ര ശുദ്ധീകരിക്കാൻ ശ്രമിച്ചാലും അയാളാണ് യഥാർത്ഥ കുറ്റവാളി. അതുകൊണ്ട് അയാൾ സ്വയം എത്ര ന്യായീകരിച്ചാലും അയാളെ ശുദ്ധീകരിക്കാൻ കഴിയില്ല. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ അയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ റിപ്പോർട്ടർ ചാനലിലൂടെയുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തൽ ദിലീപിന് വേണ്ടിയുള്ള ബോധപൂർവ്വമായ വെളിപ്പെടുത്തലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് ഈ കേസിൽ ഒരു ഹർജി നൽകിയിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്നും സി ബി ഐ അന്വേഷിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദിലീപ് ഹർജിയിൽ പ്രധാനമായും ഉന്നയിച്ച വാദം ഒരു ഫോൺ കണ്ടെടുക്കാൻ ഉണ്ടെന്നതാണ്. അത് ഏഴാം തീയതിലേക്ക് കൂടുതൽ വാദത്തിനായി ഹൈക്കോടതി മാറ്റി വെച്ചിരിക്കുകയാണ്.
അതിനിടയിലാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ വരുന്നത്. ഇരയെ സംബന്ധിച്ച് ഈ വെളിപ്പെടുത്തൽ വിശ്വസനീയമേ അല്ല. കാരണം അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ഈ ഫോണിനെ സംബന്ധിച്ച് കൃത്യമായി അന്വേഷണം നടക്കുകയും പൾസർ സുനിയുടെ വക്കീൽ ആ ഫോൺ സുനി നശിപ്പിച്ചുവെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തതാണ്. ആ വക്കീൽ ഇപ്പോൾ പൂർമായും പാരലൈസ്ഡ് ആയി കിടക്കുകയാണ്.
നടി കേസിന്റെ വിചാരണ ഏപ്രിൽ 11 ഓടെ പൂർത്തിയാകും എന്നാണ് കരുതുന്നത്. വിധിയും ഉടനെ വരും. ഈ കേസിൽ നിലനിൽ തുടരന്വേഷണം ആവശ്യമേ ഇല്ല. ഈ കേസിൽ തുടരന്വേഷണം ആഗ്രഹിക്കുന്ന ഏക വ്യക്തി ദിലീപ് മാത്രമാണ്. അതുകൊണ്ട് പൾസർ സുനി നിങ്ങളെ ചതിച്ചതാണോ എന്ന് പരിശോധിക്കണം. പൾസർ സുനിക്ക് സത്യം പറയണം എന്നുണ്ടായിരുന്നുവെങ്കിൽ പല അവസരങ്ങളിലും അയാൾക്ക് അത് പറയാമായിരുന്നു. ഈ അവസാന നിമിഷം ഇങ്ങനെ വന്ന് സംസാരിച്ചത് ഈ കേസിൽ തുടരന്വേഷണം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.
ഈ കേസിൽ എത്ര ശ്രമിച്ചാലും മായ്ച്ചുകളയാൻ സാധിക്കാത്ത തരത്തിൽ തെളിവുകൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് കേസിൽ വിധി പറയണം. ഇനിയും തുടരന്വേഷണത്തിലേക്ക് പോകുന്നത് അതിജീവിതയ്ക്ക് ഗുണം ചെയ്യില്ല. എട്ടാം പ്രതിയ്ക്കാണ് ഇത് ഗുണം ചെയ്യുക എന്നുമാണ് അഡ്വ മിനി പറയുന്നത്.
കഴിഞ്ഞ ദിവസം കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും എട്ടാം പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹർജിയിൽ നടനെതിരെ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണമായിരുന്നു ഹൈകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപിന്റെ വാദം.
കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി തുടരന്വേഷണം വേണമെന്നും കോടതിയിൽ ദിലീപ് വാദിച്ചു. എന്നാൽ കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. നിങ്ങൾ ഈ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു.
കേസ് പല ആവർത്തി മാറ്റിവെച്ചെന്നത് കോടതി നിരീക്ഷിച്ചു. അന്തിമ വാദം കേൾക്കലിനായി കേസ് ഏപ്രിൽ 7 ലേക്ക് മാറ്റിവെച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജുലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്.
അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്. അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്.
ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും, രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു.
കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.
അതേസമയം, നേരത്തെ, മെമ്മറി കാർഡ് ടാംപർ ചെയ്തതിൽ ദിലീപിന് പങ്കുള്ളതായി ഇതുവരെ ഞങ്ങൾക്ക് അറിയില്ല. അത്തരത്തിൽ ഒരു ആരോപണവും ഞങ്ങൾ ഉന്നയിച്ചിട്ടുമില്ല. എന്നാൽ എട്ടാം പ്രതി ‘എന്നെ കണ്ടാൽ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ’ എന്ന് ചോദിച്ച് വരികയാണെന്നും ടിബി മിനി പറഞ്ഞിരുന്നു. ദിലീപിന് എന്തിനാണ് ഇത്ര ആശങ്ക. ഈ കോടതിയെ രക്ഷിക്കേണ്ടത് ഒരു ക്രിമിനലാണോ? ന്യായം നടപ്പിലാക്കപ്പെടുകയാണ് വേണ്ടത്. ജൂഡീഷ്യറിയിൽ ക്രിമിനലിന്റെ സഹായം ആവശ്യമുണ്ടോ. അത്തരം സഹായം തേടുന്നു എന്ന് പറയുമ്പോൾ ആ സംവിധാനത്തിൽ സംശയത്തിന്റെ മറ വന്ന് കഴിഞ്ഞു. ഞാൻ സംശയച്ചില്ലെങ്കിലും നാട്ടുകാർ മുഴുവൻ സംശയിക്കും.
ദിലീപിന് എന്താണ് കോടതിയുടെ കാര്യത്തിൽ ഇത്ര താൽപര്യം. അയാൾക്ക് അയാളുടെ കാര്യം നോക്കിയാൽ! പോരെ. മെമ്മറി കാർഡിന്റെ വിഷയത്തിൽ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടും എന്താണ് ഇത്ര താൽപര്യം. അപ്പോൾ അയാൾക്ക് ഇതിലെന്തോ താൽപര്യം ഉണ്ടെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഇതൊക്കെ അന്വേഷണത്തിൽ തെളിയും. അത് തെളിയാതിരിക്കാനാണ് അന്വേഷണം വേണ്ടായെന്ന് വെക്കുന്നതെന്നും ടിബി മിനി പറയുന്നു.
കോടതിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സമീപനമാണ് ഉണ്ടായത്. നമ്മുടെ രാജ്യത്തെ മുഴുവൻ മനുഷ്യരും ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും കോടതിയെയാണ്. ജനങ്ങൾ മാത്രമല്ല, കേന്ദ്ര സർക്കാറിനെതിരെ കേരളം സമീപിച്ചത് കോടതിയേയാണ്. ഞാൻ ഇതുവരെ ഒരു കോടതിയേയും സമീപിച്ചിട്ടില്ല. ഈ കേസിലെ പ്രധാന തെളിവാണ് മെമ്മറി കാർഡ്. പീഡന ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെടുക്കപ്പെട്ടിട്ടില്ല. പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ നടത്തി ഈ കുട്ടിക്ക് ഭൂമിയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ദൃശ്യങ്ങൾ പകർത്തിയ ഫോൺ നശിപ്പിച്ചെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഞാൻ ഓരു കോടതിയേയും ഇന്നേവരെ അപമാനിച്ചിട്ടില്ല. സാധാരണ ജനങ്ങൾക്ക് ഇടയിൽ വർക്ക് ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രവർത്തക കൂടിയാണ്. പാവപ്പെട്ട മനുഷ്യരുടെ ജനാധിപത്യപരമായും ഭരണഘടനാപരവുമായി അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ശ്രമിക്കുന്നു.
ഞാൻ തെറ്റായ വിവരം നൽകുന്നുവെന്ന് ദിലീപ് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. ഞാൻ ചാനലിൽ വന്ന് എന്ത് പറയുന്നു എന്നതിൽ എനിക്ക് കൃത്യമായ ബോധമുണ്ട്. ആ സംഭവത്തിൽ നിന്ന് അല്ലാതെ ഇന്നുവരെ ജുഡീഷ്യറിക്ക് എതിരായ ഒരു വാക്ക് ഞാൻ സംസാരിച്ചിട്ടില്ല. വിമർശിക്കാനുള്ള അവകാശം എനിക്കുണ്ട്. കോടതിയെ അപമാനിക്കാതിരിക്കുക, വിധിയെ മാനിക്കാതിരിക്കുക എന്നതൊക്കെയാണ് പ്രശ്‌നം. എന്നാൽ പോസിറ്റീവായ രീതിയിൽ വിമർശിക്കാൻ ഇവിടെ അവകാശമുണ്ട്. കോടതിയുടെ ഒരു ഉത്തരവിനേയും നിയമവിരുദ്ധമായി ഞങ്ങൾ ഇവിടെ ചോദ്യം ചെയ്തിട്ടില്ലെന്നും ടിബി മിനി പറഞ്ഞിരുന്നു.