ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടാക്കി ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടി; പ്രകമ്പനമുണ്ടായത് വേദിയുടെ ആറുകിലോമീറ്റര്‍ അകലെവരെ; ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

നിരവധി ആരാധകരുള്ള അമേരിക്കന്‍ പോപ് ഗായികയാണ് ടെയ്‌ലര്‍ സ്വിഫ്റ്റ്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ബ്രിട്ടനിലെ സംഗീതപരിപാടി അക്ഷരാര്‍ഥത്തില്‍ ഭൂചലനമുണ്ടാക്കിയെന്ന് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്.

പരിപാടി നടന്ന എഡിന്‍ബറയിലെ മുറേഫീല്‍ഡ് സ്‌റ്റേഡിയത്തിന് അടുത്തുള്ള ആറ് കിലോമീറ്റര്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു എന്നാണ് സര്‍വേ പറയുന്നത്.

സ്‌കോട്ട്‌ലന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറയില്‍ രണ്ടുലക്ഷത്തിലേറെ ആരാധകരാണ് പരിപാടി ആസ്വദിക്കാനായി എത്തിയത്. ജൂണ്‍ ഏഴുമുതല്‍ ഒമ്പതുവരെയായിരുന്നു പരിപാടി. ആരാധകരുടെ ഇഷ്ടഗാനങ്ങളായ ‘റെഡി ഫോര്‍ ഇറ്റ്’, ‘ക്രുവല്‍ സമ്മര്‍’, ‘ഷാംപെയ്ന്‍ പ്രോബ്ലംസ്’ എന്നിവ പാടിയപ്പോഴായിരുന്നു ഓരോ രാത്രിയും ഭൂകമ്പത്തിന് സമാനമായ ചലനമുണ്ടായത്.

‘റെഡി ഫോര്‍ ഇറ്റ്’ പാടിയവേളയില്‍ ജനക്കൂട്ടം ഉയര്‍ത്തിയ ആരവം 80 കിലോവാട്ട് ഊര്‍ജം പ്രസരിപ്പിച്ചു.

ആരാധകരുടെ ആരവവും സംഗീതോപകരണങ്ങളുടെ ശബ്ദമുണ്ടാക്കുന്ന പ്രകമ്പനവുമാണ് ഭൂകമ്പതരംഗങ്ങള്‍ക്ക് കാരണമായത്. ‘എറാസ് ടൂര്‍’ ആദ്യമായല്ല ഭൂകമ്പമുണ്ടാക്കുന്നത്. 2023 ജൂലായില്‍ യു.എസിെല സിയാറ്റയില്‍ സ്വിഫ്റ്റ് നടത്തിയ കച്ചേരി ഭൂകമ്പമാപിനിയിലെ 2.3 തീവ്രതയ്ക്കു തുല്യമായ തരംഗമുണ്ടാക്കിയിരുന്നു.

Vijayasree Vijayasree :