ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ചിത്രത്തിലെ നടി തരാനെ അലിദുസ്തി അറസ്റ്റില്‍

പ്രമുഖ ഇറാനിയന്‍ നടിയായ തരാനെ അലിദുസ്തി അറസ്റ്റില്‍. ഹിജാബ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ചതിന്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ദ സെയില്‍സ്മാന്‍ സിനിമയില്‍ അലി ദുസ്തിയാണ് അഭിനയിച്ചത്.

പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തരാനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

‘അയാളുടെ പേര് മൊഹ്‌സെന്‍ ഷെക്കാരി എന്നാണ്. ഈ രക്തച്ചൊരിച്ചില്‍ കാണുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യത്വത്തിന് നാണക്കേടാണ്’ ഇങ്ങനെയായിരുന്നു കുറിപ്പ്.

നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാള്‍ കളിക്കാര്‍, സിനിമ താരങ്ങള്‍ എന്നിവരെയെല്ലാം ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.തന്റെ അവകാശവാദങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ അലിദുസ്തിക്ക് കഴിഞ്ഞില്ലെന്നും അതിനാല്‍ അവരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

Vijayasree Vijayasree :