കതിർ ആദ്യമായി മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു!

‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് കതിർ. മാരി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കതിർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.

എം. സി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മീശ’യിലൂടെയാണ് കതിർ മലയാളത്തിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട് സൗബിൻ ഷാഹിർ എന്നിവർ നായകരായെത്തിയ ‘വികൃതി’ എന്ന ചിത്രത്തിന് ശേഷം എം. സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഷൈൻ ടോം ചാക്കോ, ഹക്കീം ഷാ, സുധി കോപ്പാ, ശ്രീകാന്ത് മുരളി, ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എംസി ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

യൂണി‌കോൺ മൂവിസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫോർട്ട്കൊച്ചി, ചെറായി, മുനമ്പം ഭാഗങ്ങളിൽ പുരോഗമിക്കുന്നു.

അതേസമയം, ഇന്ത്യൻ സാമൂഹിക പരിസരങ്ങളിൽ നൂറ്റാണ്ടുകളായി അത്രമേൽ ആഴത്തിൽ പറ്റിപിടിച്ചിരിക്കുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെയായിരുന്നു പരിയേറും പെരുമാൾ പറഞ്ഞത്.

Vijayasree Vijayasree :