ഇന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ റായ്. നടിയ്ക്കപ്പുറം നല്ലൊരു അമ്മകൂടിയാണ് ഐശ്വര്യയെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഒരുപക്ഷേ ആരാധകർക്ക് പ്രചോദനവും മാതൃകയുമാണ് ഐശ്വര്യയിലെ അമ്മ എന്ന വ്യക്തിത്വം.
മകൾ ജനിച്ചത് മുതൽ മകളെ പൊന്നു പോലെയാണ് ഐശ്വര്യ കൊണ്ടു നടക്കുന്നത്. മാത്രമല്ല തന്റെ കരിയറിനേക്കാൾ പ്രധാനം അവൾക്കാണ് നൽകുന്നതും. എന്നാൽ മകളുടെ എല്ലാകാര്യങ്ങളും സ്വയം ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെയും മകളുടെ കൈ പിടിച്ച് കൂടെ കൊണ്ട് നടക്കുന്നതിന്റെയും പേരിൽ വിമർശനങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.
എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഐശ്വര്യയുടെ പഴയൊരു വീഡിയോയാണ്. ഐശ്വര്യയുടെ ഉള്ളിലെ ഈ അമ്മഭാവം ഇന്നല്ല വർഷങ്ങൾക്ക് മുമ്പേ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോ ആണിത്.
വർഷങ്ങൾക്ക് മുമ്പ്, മകൾ ജനിക്കുന്നതിനും ഒരുപാട് മുമ്പ് തന്നെ തന്നിലെ മാതൃത്വം എത്രത്തോളമുണ്ടെന്ന് ഐശ്വര്യ തുറന്ന് കാണിച്ചിരുന്നു. 1994 ലെ ഒരു വീഡിയോയാണ് അതിന്റെ തെളിവ്.
”ജീവിതത്തിലെ ഏറ്റവും മനോഹരവും ഒരിക്കലും മറക്കാൻ സാധിക്കാത്തതുമായ നിമിഷം” ഏതെന്ന ചോദ്യം ഒരു അവതാരകൻ ഐശ്വര്യയോട് ചോദിക്കുന്നു. അതിനു ഐശ്വര്യ നൽകിയ ഒരു ഉത്തരം ഉണ്ട്. ”ആ നിമിഷം സംഭവിക്കാൻ പോകുന്നതേയുള്ളൂവെന്നും തന്റെ കുഞ്ഞ് ജനിക്കുമ്പോഴായിരിക്കും അതെന്നുമായിരുന്നു” ഐശ്വര്യ നൽകിയ മറുപടി. ഈ വീഡിയോ കണ്ടതോടെ ആരാധകർ പറയുന്നു അതിനുള്ള തെളിവാണ് നാം ഇന്ന് കാണുന്ന ഈ മാതൃസ്നേഹമെന്ന്.
അതേസമയം തന്നെ ഐശ്വര്യയുടെ കുടുംബ ജീവിതവും ഇപ്പോൾ ചർച്ചയാണ്. ഐശ്വര്യ റായും അഭിഷേക് ബച്ചനും പിരിഞ്ഞിരിക്കുകയാണെന്നാണ് പുതിയ വാർത്ത. ഐശ്വര്യ തന്റെ മകൾക്കും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോൾ കഴിയുന്നതെന്നും അഭിഷേക് ബച്ചന്റെ സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് ഇതിനു കാരണമെന്നുമാണ് മാധ്യങ്ങൾ പറയുന്നത്.