മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന താത്കാലികമായി എൽ 360 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് പുതിയൊരു അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ദേശീയ അവാർഡ് നേട്ടത്തിന് നന്ദി പറഞ്ഞ് തരുൺ മൂർത്തി പങ്കുവച്ച ഫേസ്ബുക് പോസ്റ്റിലെ ഹാഷ്ടാഗിലൂടെയാണ് ഇക്കാര്യം വെളുത്തിപ്പെടുത്തിയത്.
‘ഇഷ്ടപ്പെടുന്നവരുടെ ഹൃദയത്തിലും വെറുക്കുന്നവന്റെ തലച്ചോറിലും കൊണ്ട സിനിമ. ഈ സിനിമയുടെ അവാർഡ് യാത്രകൾ എല്ലാം അവസാനിച്ച് പരാതികളോ പരിഭവങ്ങളോ ഒന്നും ഇല്ലാതെ ആ സിനിമ പറഞ്ഞ ആശയത്തിൽ തന്നെ മടങ്ങുന്നു, ഇത്രയൊക്കെയുണ്ട് മനുഷ്യൻ’, എന്ന് തരുൺ മൂർത്തി ഫേസ്ബുക്കിൽ കുറിച്ചു.
15 വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രമാണ് ഇത്. തരുൺ മൂർത്തി തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ റാന്നിക്കാരനായ ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. എന്നാൽ എൽ 360യുടെ റിലീസ് 2025ലേക്ക് മാറ്റിയതായും വിവരമുണ്ടായിരുന്നു. മോഹൻലാലിന്റെ സംവിധാന സംരംഭമായ ബറോസിന്റെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് എൽ 360 അണിയറപ്രവർത്തകരുടെ പുതിയ തീരുമാനം എന്നായുരുന്നു വിവരം,
ഈ വർഷം സെപ്റ്റംബറിലായിരുന്നു ബറോസിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റിയതായാണ് റിപ്പോർട്ട്. ബറോസ് റിലീസ് ചെയ്ത ശേഷം ഒരു ചെറിയ ഇടവേളയ്ക്കപ്പുറം മതി എൽ 360യുടെ റിലീസ് എന്നാണ് അണിയറപ്രവർത്തകരുടെ തീരുമാനം.