മലയാള സിനിമയുടെ സീൻ തന്നെ മാറ്റിയ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ തെല്ലൊന്ന് നിരാശയിലാഴ്ത്തുന്ന വാർത്തയാണ് പുറത്തെത്തുന്നത്. സിനിമയിൽ നിന്നും ഇടവേള എടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സുഷിൻ.
താൻ ഈ വർഷം സംഗീതം ഒരുക്കുന്ന അവസാന ചിത്രമായിരിക്കും ‘ബോഗയ്ൻവില്ല’ എന്നാണ് സുഷിൻ പറഞ്ഞത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് സുഷിൻ തന്റെ ഇടവേളയെ കുറിച്ച് മനസ് തുറന്നത്.
ഈ വർഷത്തെ തന്റെ അവസാന ചിത്രം ഇതായിരിക്കും. അടുത്ത വർഷമായിരിക്കും താൻ ഇനി ഒരു സിനിമയുമായി വരിക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് തനിക്ക് ആഗ്രഹമുണ്ട് എന്നാണ് സുഷിൻ പറഞ്ഞത്.
നേരത്തെ, ഓരോ സിനിമയുടെ ഇടവേളയിലും നടത്തുന്ന യാത്രകൾ തനിക്ക് പലപ്പോഴും അടുത്ത സിനിമ ചെയ്യുമ്പോൾ ഗുണമായി മാറാറുണ്ടെന്ന് സുഷിൻ പറഞ്ഞിട്ടുണ്ട്. ഓരോ നാടിനും തനത് സംഗീതമുണ്ട്.അത് കണ്ടെത്താനും ആസ്വദിക്കാനുമാണ് ഓരോ യാത്രയിലും ഞാൻ ശ്രമിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമ വന്നപ്പോൾ ആദ്യം പോയത് കഥ നടക്കുന്ന കുമ്പളങ്ങി എന്ന ഗ്രാമത്തിലേക്കാണ്.
അവിടത്തെ ആൾക്കാരുടെ ജീവിതം, അവർ കേൾക്കുന്ന സംഗീതം എന്നിവ കണ്ടെത്താനായിരുന്നു അത്. എന്നാൽ മാത്രമേ ഏത് തരത്തിലുള്ള ഐറ്റം പിടിക്കണമെന്നൊരു ഐഡിയ നമ്മൾക്ക് കിട്ടൂവെന്നും സുഷീൻ പറഞ്ഞിരുന്നു.
അതേസമയം, 2024ൽ സുഷിൻ സംഗീതം നൽകിയ ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകളിലെ സംഗീതം ഗ്രാമി പുരസ്‌കാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ബെസ്റ്റ് കോംപിലേഷൻ ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് ആവേശവും ബെസ്റ്റ് സ്‌കോർ സൗണ്ട്ട്രാക്ക് ഫോർ വിഷ്വൽ മീഡിയ വിഭാഗത്തിലേക്ക് മഞ്ഞുമ്മലുമാണ് അയച്ചിരിക്കുന്നത്.