എന്നാല്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ലളിതമായ ആത്മഹത്യയല്ല, സുശാന്തിന്റെ അഭിഭാഷകന്‍

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകം ആണെന്നുമുള്ള ആരോപണവുമായി മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷാ രംഗത്ത് എത്തിയിത്. സുശാന്തിന്റെ ശരീരത്തില്‍ നിരവധി പാടുകളും കഴുത്തില്‍ രണ്ട് മൂന്ന് പാടുകളും ഉണ്ടായിരുന്നുവെന്നും ഒറ്റ നോട്ടത്തില്‍ തന്നെ കൊലപാതകം ആണെന്ന് മനസിലായെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സുശാന്തിന്റെ മൃതദേഹം ആദ്യമായി കണ്ടപ്പോള്‍, ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് തനിക്ക് തോന്നിയെന്നും ഇത് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പെട്ടെന്ന് അറിയിച്ചതായും അദ്ദേഹം ടിവി 9 നോട് പറഞ്ഞു. എന്നാല്‍ എത്രയും വേഗം ചിത്രങ്ങള്‍ പകര്‍ത്തി മൃതദേഹം പോലീസുകാര്‍ക്ക് നല്‍കാനാണ് ഉന്നത അധികാരികള്‍ പറഞ്ഞത് എന്നാണ് രൂപ്കുമാര്‍ ഷാ പറഞ്ഞത്.

ഈ വേളയില്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അഭിഭാഷകന്‍ വികാസ് സിങ് പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. സുശാന്തിന്റെ പരിക്കുകളെക്കുറിച്ച് തനിക്ക് നേരിട്ടുള്ള വിവരങ്ങളൊന്നുമില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു. ‘സുശാന്തിന്റെ സഹോദരിമാര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാതെ ഇതില്‍ അഭിപ്രായം പറയാന്‍ കഴിയില്ല.

എന്നാല്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ലളിതമായ ആത്മഹത്യയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സിബിഐക്ക് മാത്രമേ ഇതിന്റെ ചുരുളഴിക്കാന്‍ കഴിയൂ. അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്, എന്നും വികാസ് സിങ് പറഞ്ഞു.

സുശാന്ത് സിംഗ് രജ്പുത്തിനെ 2020 ജൂണ്‍ 14 ന് മുംബൈയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണം ‘ആത്മഹത്യ’യാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയപ്പോള്‍. അന്തരിച്ച നടന്റെ കുടുംബവും ആരാധകരും ഈ കണ്ടെത്തലില്‍ സംശയവുമായി രംഗത്തുണ്ട്.

Vijayasree Vijayasree :