പിറന്നാൾ ദിനത്തിൽ സൂര്യയുടെ മാസ് എൻട്രി; റോളക്സിനെ കടത്തി വെട്ടുമോ ‘സൂര്യ 44’; കാത്തിരിക്കാനാകുന്നില്ലെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമ ലോകം കാത്തിരിക്കുന്ന സിനിമയാണ് സൂര്യ 44. സൂര്യയും കാർത്തിക് സുബ്ബരാജും ഒന്നിക്കുന്ന ഈ ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. ഇന്നാണ് സൂര്യയുടെ 49-ാം പിറന്നാൾ. ലോകത്തിലെ പല കോണുകളിൽ നിന്നും നിരവധി ആരാധകരാണ് ആശംസകൾ അറിയിക്കുന്നത്.

ഇപ്പോഴിതാ സൂര്യയുടെ പിറന്നാളിന് വമ്പൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സൂര്യ 44 ഗ്ലിപ്സാണ് പുറത്തുവിട്ടിരിക്കുന്നത്. സൂര്യയുടെ മാസ് എൻട്രിയാണ് ഈ വിഡിയോയിൽ കാണാനാകും.

അതേസമയം കറുപ്പ് നിറത്തിലെ ഷർട്ടും പാന്റ്സും ധരിച്ച് നടന്നുവന്ന് തോക്ക് ചൂണ്ടുന്ന സൂര്യയെ വിഡിയോയിൽ കാണാം. മുഖത്ത് രക്തപ്പാടുകളോടെ കലിപ്പിൽ നിൽക്കുന്ന സുര്യയെ കണ്ടതോടെ റോളക്സിനെ കടത്തി വെട്ടുമോ ‘സൂര്യ 44’ എന്നാണ് ആരാധകർ ചോദിക്കുന്നത്. വീഡിയോ ഇതിനോടകം സമൂഹ മാധയമങ്ങളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. സിനിമ വേറെ ലെവൽ ആയിരിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.

‘ലവ് ലാഫ്റ്റര്‍ വാര്‍’ എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍. മാത്രമല്ല ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ മലയാളത്തിൽ നിന്നും ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നായികയായി എത്തുന്നത് പൂജ ഹെഗ്ഡെയാണ്. സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.

Vismaya Venkitesh :