കഴിഞ്ഞ വര്‍ഷം വിഷമദ്യം കുടിച്ച് 22 പേര്‍ മരണപ്പെട്ടപ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു, പക്ഷേ ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല; സര്‍ക്കാരിനെതിരെ സൂര്യ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് 52 പേര്‍ മരിച്ചത്. ഇതിനോടകം തന്നെ നിരവധി പേരാണ് സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ അനധികൃത മദ്യവില്‍പ്പന തടയാത്ത സര്‍ക്കാര്‍ നടപടിയെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൂര്യ. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം;

ഒരു ചെറിയ പട്ടണത്തില്‍ മഴയിലോ വെള്ളപ്പൊക്കത്തിലോ കൊടുങ്കാറ്റിലോ സംഭവിക്കാത്ത ദുരന്തമാണ് തുടര്‍ച്ചയായി 50 ലേറെപ്പേരുടെ മരണം. നൂറിലധികം പേര്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നത് ആശങ്കാജനകമാണ്. തുടര്‍ച്ചയായ മരണങ്ങളും അവരുടെ ഉറ്റവരുടെ നിലവിളികളും ഹൃദയഭേദകമാണ്. വിഷമദ്യത്തിന് പ്രിയപ്പെട്ടവരെ വിട്ടുകൊടുക്കേണ്ടി വന്ന് എല്ലാം നഷ്ടപ്പെട്ട് പൊട്ടിക്കരയുന്നവരെ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കാനാകുക.

ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ജനങ്ങളും എല്ലാം ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു. സര്‍ക്കാരും ഭരണസംവിധാനവും വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ദുരന്തത്തിന്റെ ആക്കം കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ആശ്വാസകരമാണ് എന്നാല്‍ വളരെ നാളുകളായി തുടരുന്ന ഈ പ്രശ്‌നത്തിന് ഇപ്പോഴത്തേയ്ക്ക് മാത്രമുള്ള, ഒരു താത്കാലിക ആശ്വാസം ഒരിക്കലും പ്രാവര്‍ത്തികമാകില്ല.

കഴിഞ്ഞ വര്‍ഷം വില്ലുപുരം ജില്ലയില്‍ മെഥനോള്‍ കലര്‍ന്ന വിഷ മദ്യം കുടിച്ച് 22 പേര്‍ മരിച്ചിരുന്നു. അന്ന് ഗൗരവമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അയല്‍ ജില്ലയില്‍ ആളുകള്‍ കൂട്ടത്തോടെ മെഥനോള്‍ കലര്‍ത്തിയ അതേ വിഷ മദ്യം കുടിച്ച് മരിച്ചു. ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നത് ഏറെ വേദനാജനകമാണ്.

ജീവിതം നന്നാക്കാന്‍ വേണ്ടി വോട്ട് ചെയ്യുന്നവരാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍. പക്ഷെ ഇരുപത് വര്‍ഷത്തിലേറെയായി ടാസ്മാക്ക് സ്ഥാപിച്ച് ജനങ്ങളെ നിര്‍ബന്ധിച്ച് കുടിപ്പിച്ച് ഭരിക്കുന്ന സര്‍ക്കാരുകളുടെ ദുരവസ്ഥയാണ് അവര്‍ നിരന്തരം കാണുന്നത്. മദ്യനയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് സമയത്തെ മുദ്രാവാക്യം മാത്രമായി അവസാനിക്കുന്നു.

ടാസ്മാക്കില്‍ 150 രൂപയ്ക്ക് കുടിക്കുന്ന ലഹരിയ്ക്ക് അടിമകളായവര്‍ പണമില്ലാത്തപ്പോള്‍ 50 രൂപയ്ക്ക് വിഷം വാങ്ങി കുടിക്കുന്നു. മദ്യപാനികളുടെ പ്രശ്‌നം ഒരു വ്യക്തിയുടെ പ്രശ്‌നമല്ല, മറിച്ച് ഓരോ കുടുംബത്തിന്റെയും മുഴുവന്‍ സമൂഹത്തിന്റെയും പ്രശ്‌നമാണെന്ന് നാമെല്ലാവരും തിരിച്ചറിയുന്നത് എപ്പോഴാണ്? മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വര്‍ഷങ്ങളായി സ്വന്തം ജനങ്ങള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ സര്‍ക്കാരുകള്‍ തന്നെ ഉടന്‍ അവസാനിപ്പിക്കണം.

ലഹരിയ്ക്ക് അടിമകളായവരെ വീണ്ടെടുക്കാന്‍ എല്ലാ ജില്ലയിലും പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കണം. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മപദ്ധതികള്‍ നടപ്പാക്കുന്നതുപോലെ മദ്യപാനികളുടെ പുനരധിവാസത്തിനും മാതൃകാപരമായ പരിപാടികള്‍ ഒരു പ്രസ്ഥാനമായി ആവിഷ്‌കരിച്ച് നടപ്പാക്കണം.

ഇനിയെങ്കിലും സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം ദാരുണ മരണങ്ങള്‍ തടയാനാകൂ. തമിഴ്‌നാട് മുഖ്യമന്ത്രി ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുമെന്നും ജനങ്ങള്‍ക്കൊപ്പം ഞാനും പ്രതീക്ഷിക്കുന്നു. വിഷം കലര്‍ത്തിയ മദ്യത്തിന്റെ അനധികൃത വില്‍പന തടയുന്നതില്‍ പരാജയപ്പെട്ട ഭരണസംവിധാനത്തിനെ ശക്തമായി അപലപിക്കുന്നു. മരണപ്പെട്ടവര്‍ക്ക് അനുശോചനം. ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

ഇനി നമുക്ക് പുതിയ നിയമം ഉണ്ടാക്കാം..! ഞങ്ങള്‍ അതിനെ എന്നേക്കും സംരക്ഷിക്കും.!!

Vijayasree Vijayasree :