മകന്റെ ഫീസടയ്ക്കാന്‍ പണമില്ല, അന്ന് സഹായിച്ചത് സൂര്യയാണ്; സംവിധായകന്‍

സൂര്യയുടെ ‘നേര്ക്ക് നേര്‍’, ‘പൂവെല്ലം കേട്ടുപ്പാര്‍’ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മണി ഭാരതി. ഇപ്പോഴിതാ തനിക്ക് സൂര്യ ചെയ്ത സഹായത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ കൂടിയായ മണി ഭാരതി. ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും സൂര്യ തന്നെ ഇപ്പോഴും പരിഗണിക്കാറുണ്ടെന്നാണ് മണി ഭാരതി പറയുന്നത്. തന്റെ മകന്റെ പഠനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് തന്നെ സഹായിച്ചത് സൂര്യയാണെന്നും മണി ഭാരതി തുറന്നുപറഞ്ഞു.

‘സൂര്യ എത്രയോ ഉയരത്തിലെത്തി. എന്നാല്‍ ഇപ്പോഴും എവിടെ വെച്ച് കണ്ടാലും സംസാരിക്കും. എന്റെ ഭാര്യയെക്കുറിച്ചെല്ലാം ചോദിക്കും. നേര്ക്ക് നേര്‍ എന്ന സിനിമ കഴിഞ്ഞയുടനെയാണ് എന്റെ വിവാഹം കഴിഞ്ഞത്. അന്ന് സൂര്യ വീട്ടിലേക്ക് വിളിച്ച് എനിക്കും ഭാര്യക്കും വിരുന്ന് നല്‍കി. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യക്ക് സാരിയും എനിക്കുള്ള ഡ്രസുകളും സമ്മാനിച്ചു.

ഇന്നും എവിടെ വെച്ച് കണ്ടാലും സൂര്യ കുടുംബത്തെക്കുറിച്ച് അന്വേഷിക്കും. നാലഞ്ച് വര്‍ഷത്തിന് മുമ്പ് എന്റെ മകന്‍ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം. അവസാന വര്‍ഷം എനിക്ക് ഫീസ് നല്‍കാനായില്ല. എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപ അടയ്ക്കണം.

ആരോട് ചോദിക്കുമെന്ന് ആലോചിച്ചു. സംവിധായകന്‍ ലിംഗുസ്വമിക്കും അന്ന് മോശം സമയമാണ്. അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടെങ്കില്‍ തന്നേനെ. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കവെ സൂര്യയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചു. ഞാന്‍ അദ്ദേഹത്തോട് അതുവരെ ഒരു സഹായവും ചോദിച്ചിരുന്നില്ല. മാനേജര്‍മാര്‍ മുഖേന പോയാല്‍ നടക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ നമ്പര്‍ കണ്ടുപിടിച്ചു.

ഒരു മെസേജ് മാത്രം അയച്ചു. അഞ്ച് മിനുട്ടിനുള്ളില്‍ അദ്ദേഹത്തിന്റെ ആള്‍ വിളിച്ചു. കോളേജിന്റെ വിവരങ്ങള്‍ അയക്കാന്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ സൂര്യയുടെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഡിഡി റെഡിയായിട്ടുണ്ട്, കലക്ട് ചെയ്യണമെന്ന് പറഞ്ഞു.

അപ്പോള്‍ അദ്ദേഹം ബോംബെയില്‍ വേറെയേതോ സിനിമയുടെ ഷൂട്ടിംഗിലാണ്.അത്രയും തിരക്കിലും മറക്കാതെ എനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചു. ഓള്‍ ദ ബെസ്റ്റ് എന്ന് മറുപടി വന്നു. ഒപ്പം ആര്‍ക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്ന വാചകവും. സൂര്യയുടെ നല്ല മനസ് എന്നെ ആശ്ചര്യപ്പെടുത്തി.’ എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മണി ഭാരതി പറഞ്ഞത്.

Vijayasree Vijayasree :