അണികളെ സ്‌നേഹിക്കാനും തലോടാനും മാത്രമല്ല ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്; സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. വോട്ടര്‍പ്പട്ടികയില്‍ ആളെ ചേര്‍ക്കാത്തതിനാണ് ശകാരിച്ചതെന്നും വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കണമെന്നത് ബിജെപി നേതാവ് അമിത് ഷാ ഏല്‍പ്പിച്ച ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ അണികള്‍ ചെയ്യേണ്ട ജോലി ചെയ്തില്ല. 25 കുട്ടികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള പ്രായമെത്തിയിട്ടും അവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തില്ല. അത് ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അമിത് ഷാ ഏല്‍പ്പിച്ചിരിക്കുന്ന ജോലിയാണ്. അവരെ സ്‌നേഹിക്കുക മാത്രമല്ല, തലോടുക മാത്രമല്ല, താക്കീത് ചെയ്യാനും ശാസിക്കാനുമുള്ള അവകാശം എനിക്ക് ഉണ്ട്. അത് ഞാന്‍ ചെയ്തു’ എന്നും സുരേഷ് ഗോപി പറഞ്ഞു.

പ്രചാരണത്തിന് എത്തിയ ഇടത്ത് ആവശ്യത്തിന് ആളുകള്‍ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സുരേഷ് ഗോപിയെ പ്രകോപിപ്പിച്ച കാരണം എന്നാണ് കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാവിലെയോടെ ശാസ്താംപൂവം ആദിവാസി കോളനി സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. എന്നാല്‍ ഇവിടെ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. കൂടാതെ ഇവിടെയുള്ള പലരുടെയും പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിക്കാതിരുന്നതോടെ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരോട് നടന്‍ ക്ഷുഭിതനാവുകയായിരുന്നു.

ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ താന്‍ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. അടുപ്പിക്കാത്ത ഇടത്തേയ്ക്ക് എന്തിനാണ് എന്നെ കൊണ്ടുവന്നത്? എന്ത് ആവശ്യത്തിനാണ്? എനിക്ക് വോട്ട് വാങ്ങിച്ചു തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്‍ ഇവിടെയുണ്ടാകണം. ബൂത്തുകാര്‍ ഇത് മനസിലാക്കണമെന്നും സുരേഷ് ഗോപി പ്രവര്‍ത്തകരോട് പറഞ്ഞു. നമ്മള്‍ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്.

അവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കാനാണ് ഇറങ്ങിയിരിക്കുന്നത്.അതിന് എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ മുതല്‍ ഞാന്‍ തിരുവനന്തപുരത്തേയ്ക്ക് പോകും. അവിടെപോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിച്ചോളാം. എനിക്ക് ഒരു താല്‍പര്യവുമില്ല, ഭയങ്ക കഷ്ടമാണ് ഇത് കേട്ടോയെന്നും നടന്‍ പ്രവര്‍ത്തകരോട് പറയുകയുണ്ടായി. സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിക്കുന്ന വേളയില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

ഇതിനിടയില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള നീക്കവും നടത്തിയെങ്കിലും അത് വിജയിച്ചില്ല. ശാസ്താംപൂവം കോളനിയിലെ അന്തേവാസികള്‍ കാട്ടില്‍ തേന്‍ ശേഖരിക്കാനായിപോയ നേരത്താണ് സുരേഷ് ഗോപി അവിടെയെത്തിയതെന്നാണ് സൂചന. എന്നാല്‍ കൂടുതല്‍ ആളുകള്‍ എത്താതിരുന്നതോടെ താരം കുപിതനാവുകയായിരുന്നു.

Vijayasree Vijayasree :