രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്കുവൈത്തിലെ മന്‍ഗഫിലുണ്ടായ തീപിടിത്തം. ഈ സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ടെന്ന് നടനും സഹ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അറിയിച്ചു. കുവൈത്തില്‍ ഭാരതീയര്‍ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സുരേഷ്‌ഗോപി പ്രതികരിച്ചത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ;
കുവൈത്തില്‍ ഉണ്ടായ തീപിടിത്തം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെടുകയും, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സജ്ജമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. കുവൈറ്റില്‍ ഉള്ള ഭാരതീയര്‍ക് സുരക്ഷയ്ക്ക് വേണ്ടിയുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണ്. കേന്ദ്ര വിദേശകാര്യ
സഹമന്ത്രി കുവൈത്തിലെത്തി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുകയാണ്. നമ്മുടെ എല്ലാ സഹോദരങ്ങളും സുരക്ഷിതരായിരിക്കുകയും, ഈ ദുരന്തം ഒരുമിച്ച് അതിജീവിക്കാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.
മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എന്‍.ബി.ടി.സിയിലെയും ഹൈവേ സൂപ്പര്‍ മാര്‍ക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും.
മൃതദേഹങ്ങള്‍ പരമാവധി വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് എന്‍.ബി.ടി.സി മാനേജ്‌മെന്റ് അറിയിച്ചു. ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി കൈമാറാന്‍ എന്‍.ബി.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍ ജീവനക്കാര്‍ക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയതായും മാനേജ്‌മെന്റ് അറിയിച്ചു.
കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച പുലര്‍ച്ച നാലുമണിക്കാണ് മന്‍ഗഫ് ബ്ലോക്ക് നാലിലെ ആറുനില കെട്ടിടത്തില്‍ തീപടര്‍ന്നത്. കെട്ടിടത്തില്‍ 196 പേരായിരുന്നു താമസിച്ചിരുന്നത്. തീപിടിത്ത കാരണം വ്യക്തമായിട്ടില്ല.