കസവുകരയുള്ള മുണ്ടും, ഷര്‍ട്ടും ധരിച്ച് കേരളീയ വേഷത്തില്‍ അബുദാബി ബാപ്‌സ് ക്ഷേത്രദര്‍ശനം നടത്തി സുരേഷ് ഗോപി

അബുദാബി ബാപ്‌സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ബിജെപി തൃശൂരിന്റെ ഫേസ്ബുക്ക് പേജിലാണ് സുരേഷ് ഗോപി ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന്റെ ചിത്രം പങ്കുവച്ചത്. കസവുകരയുള്ള മുണ്ടും, ഷര്‍ട്ടും ധരിച്ച് കേരളീയ വേഷത്തിലാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്.

ഈ മാസം 14നാണ് ബാപ്‌സ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കിയത്. 2019ല്‍ നിര്‍മാണം ആരംഭിച്ച ബാപ്‌സ് ക്ഷേത്രം ദുബായ്അബുദാബി ഹൈവേയിലെ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലത്ത് പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

അതേസമയം, വെണ്‍പാലവട്ടം ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ വെണ്‍പാലവട്ടത്തമ്മ ശ്രീചക്ര പുരസ്‌കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു ലക്ഷം രൂപയും പഞ്ചലോഹനിര്‍മ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയ വഴി പങ്കിട്ടത്.

വെണ്‍പാലവട്ടത്തമ്മ പുരസ്‌കാരം ഭാര്യ രാധികയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് സുരേഷ് ഗോപി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നിരവധി അവാര്‍ഡുകള്‍ ജീവിതത്തില്‍ ലഭിച്ചിട്ടുണ്ട്. പകുതിയും ഏറ്റുവാങ്ങാനായിട്ടില്ല. സാമൂഹ്യപ്രവര്‍ത്തന രംഗത്ത് വ്യാപരിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ലഭിച്ച പുരസ്‌കാരങ്ങളില്‍ 99 ശതമാനവും ഭാര്യയോ മകളോ ആണ് വാങ്ങിയിട്ടുള്ളത്.

അതിനുകാരണം അവാര്‍ഡുകള്‍ക്ക് വേണ്ടിയാവരുത് തന്റെ പ്രവര്‍ത്തനങ്ങളെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ്. ഈ പുരസ്‌കാരം വാങ്ങാനുള്ള അര്‍ഹതയും രാധികയ്ക്കാണ്. അവര്‍ അത് വാങ്ങിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. ഹൃദയം കൊണ്ട് പുരസ്‌കാരം കൈമാറുകയാണ്.

വരുംതലമുറയെ പടുകുഴിയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിക്കുന്ന ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് പുരസ്‌കാരം വാങ്ങാന്‍ കഴിഞ്ഞത് അഭിമാനമാണ്. കേരളത്തിനു രക്ഷാപഥം തീര്‍ക്കുന്നയാളാണ് ഗവര്‍ണറെന്നും സുരേഷ് ഗോപി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ഗായകരായ പി.ജയചന്ദ്രന്‍, ജി. വേണുഗോപാല്‍,എം.ജി ശ്രീകുമാര്‍, ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.

Vijayasree Vijayasree :