അടുത്ത ജന്മത്തില്‍ ബ്രാഹ്മണനോ സ്ത്രീയോ ആയി ജനിച്ചോളൂ, ഈ ജന്മത്തില്‍ അനിഷ്ടം പ്രകടമാക്കിയിട്ടും സ്ത്രീയുടെ ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ; ഷുക്കൂര്‍

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പ്രതികരണവുമായി നടനും അഭിഭാഷകനുമായ സി. ഷുക്കൂര്‍. സുരേഷ് ഗോപി ചെയ്തത് ഇന്ത്യന്‍ ശിക്ഷ നിയമം 354 പ്രകാരം കുറ്റകൃത്യമാണെന്ന് സി. ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മൈക്കുമായി മുന്നില്‍ വരുന്ന സ്ത്രീയോട്, അവര്‍ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണെന്ന് സി. ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.

അഡ്വ. സി. ഷുക്കൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പത്രക്കാരോട് സംസാരിക്കുമ്പോള്‍ സ്ത്രീ പത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ മുന്‍ എം.പി സുരേഷ് ഗോപി ചെയ്തതു ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 354 പ്രകാരം കുറ്റകൃത്യമാണ്. അടുത്ത ജന്മത്തില്‍ ബ്രാഹ്മണനോ സ്ത്രീയോ ഏത് രീതിയിലും ജനിച്ചോളൂ, ന്നാല്, ഈ ജന്മത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മൈക്കുമായി മുന്നില്‍ വരുന്ന സ്ത്രീയോട്, അവര്‍ അനിഷ്ടം പ്രകടമാക്കിയിട്ടും ശരീരത്തില്‍ തൊടുന്ന പരിപാടി കുറ്റകൃത്യമാണ് സാറേ.

അതേസമയം, ഇന്നലെ നടന്ന സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ക്ക് പൊലീസില്‍ പരാതി നല്‍കി. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെട്ട് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നടക്കാവ് പൊലീസിന് കൈമാറുകയും ചെയ്തു.

Vijayasree Vijayasree :