ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം വരുന്നു…?; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വളരെ വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. അദ്ദേഹത്തിന്റെ കരയിറയിലെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിന്താമണി കൊലക്കേസ്.

2006 ലാണ് ഈ ചിത്രം പുറത്തെത്തുന്നത്. എല്‍കെ എന്ന അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി എത്തിയ ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. കുറച്ച് നാളുകളായി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയില്‍ നിറയെ.

ഇപ്പോഴിതാ ആ പ്രോജക്റ്റിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിന്റെ ഇടവേള വരെയുള്ള ഭാഗത്തിന്റെ എഴുത്ത് തിരക്കഥാകൃത്ത് എ കെ സാജന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പറയുന്നു സുരേഷ് ഗോപി. അത് എഴുതി. അതിന്റെ ഇന്റര്‍വെല്‍ വരെ വായിച്ചിട്ടുണ്ട്.

ഞാന്‍ കേട്ടിട്ടില്ല. ഷാജി കേട്ടു. അതിന്റെ രണ്ടാം പകുതിയുടെ എഴുത്തിലാണ് സാജന്‍. അതും ഉടനെ ഉണ്ടാവുമെന്നാണ് വിചാരിക്കുന്നത്, ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞുനിര്‍ത്തി. ഇന്ന് ആരംഭിച്ച പുതിയ ചിത്രം ജെഎസ്‌കെയുടെ പൂജ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഈ ചിത്രത്തിലും ഒരു വക്കീല്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇത് ചിന്താമണി കൊലക്കേസിലെ അഭിഭാഷക കഥാപാത്രത്തെപ്പോലെയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഡേവിഡ് ആബേല്‍ ഡോണബാന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്, വക്കീല്‍ ആണ്. പക്ഷേ എല്‍കെയെപ്പോലെ ഒരു കഥാപാത്രമല്ല. അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരു അഭിഭാഷകന്‍, സുരേഷ് ഗോപി പറഞ്ഞ് അവസാനിപ്പിച്ചു.

Vijayasree Vijayasree :