എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം; കല്യാണത്തിന് നഞ്ചിയമ്മയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപി

സിനിമയിലും രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. വരുന്ന വര്‍ഷം ജനുവരിയില്‍ സുരേഷ് ഗോപിയുടെ മൂത്ത മകളുടെ വിവാഹമാണ്. തന്റെ തിരക്കുകള്‍ക്കിടയിലും വിവാഹത്തിന് ആളുകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ നടത്താനുമുള്ള തയ്യാറെടുപ്പുകളിലാണ് സുരേഷ് ഗോപി. ഇപ്പോഴിതാ മകളുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണമെന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്. നഞ്ചിയമ്മയുടെ കാലില്‍ വീണ് നമസ്‌കരിച്ച് നെറുകയില്‍ ചുംബിക്കുകയും ചെയ്തു സുരേഷ് ഗോപി.

സാറ് പറഞ്ഞതുപോലെ തന്നെ ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞാണ് നഞ്ചിയമ്മ സുരേഷ് ഗോപിയോട് സംസാരിച്ച് തുടങ്ങിയത്. തനിക്ക് കിട്ടിയ പൊന്നാട സുരേഷ് ഗോപി നഞ്ചിയമ്മയെ അണിയിക്കുകയും ചെയ്തു.

‘എന്റെ വീട്ടില്‍ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് ഞാന്‍ പറഞ്ഞതല്ലേ… എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങില്‍ പങ്കെടുക്കണം’, എന്നെല്ലാമാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്. വീഡിയോ അതിവേഗത്തിലാണ് വൈറലായത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

ശ്രേയസ്സ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് ജൂലൈയില്‍ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കും. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഗായിക കൂടിയായ ഭാഗ്യ.

അതേസമയം, കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ ഗുരുഡന്‍ തിയേറ്ററുകളില്‍ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയുടെ പ്രമോഷനും സുരേഷ് ഗോപി സജീവമായിരുന്നു.

Vijayasree Vijayasree :