കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം. പിന്നാലെ മോഷണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 18 ഉം 20 ഉം വയസുള്ള ഷിമാസ്, അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. കൊല്ലം ഇരവിപുരം സ്വദേശിയാണ് അരുൺ, ഇരവിപുരം ചകിരിക്കട മുല്ലാക്ക തൈക്കാവിന് സമീപമാണ് പിടിയിലായ ഷിംനാസിൻറെ വീട്. പ്രതികൾ മുൻപും നിരവധി മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീടിനോട് ചേർന്ന ഗ്രിൽ ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബവീട്ടിൽ ഇപ്പോൾ ആൾത്താമസമില്ലാതെ കിടക്കുകയാണ്. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കുന്ന ബന്ധു സ്ഥലത്തെത്തിയപ്പോഴാണ് സമീപത്തെ ഷെഡ്ഡിന്റെ ഗ്രിൽ തകർന്നുകിടക്കുന്നത് കണ്ടത്.
തുടർന്ന് പരിശോധിച്ചപ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടെന്ന് മനസിലായി. തുടർന്നാണ് ഇരവിപുരം പൊലീസിൽ പരാതിപ്പെടുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ഇവിടെ നിന്നും സാധനങ്ങൾ പലപ്പോഴായി മോഷ്‌ടിച്ചിട്ടുണ്ടെന്നും പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ഇരവിപുരം ഇൻസ്‌പെക്‌ടർ ആയ രാജീവിൻ്റെ നേത്യത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ ജയേഷ് സിപിഓ മാരായ അനീഷ്, സുമേഷ് എന്നിവരാണ് പ്രതികളെ പിടി കൂടിയത്. പിടിയിലായ പ്രതികളെ ആരോഗ്യ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി. ഇപ്പോൾ പ്രതികളെ റിമാൻ്റ് ചെയ്‌തിരിക്കുകയാണ്.