കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ വിവാദം വെറും ഡ്രാമയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. സിനിമയെ മുറിയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതെല്ലാം വെറും ബിസിനസ്സ് മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ‘എമ്പുരാൻ’ സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത് ആരുടെയും സമ്മർദ്ദത്തെ തുടർന്നല്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. തെറ്റുകൾ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
വേറാറുടെയും ഭീഷണിയെ തുടർന്നല്ല സിനിമ റീ എഡിറ്റ് ചെയ്യുന്നത്. ഈ സമൂഹത്തിൽ മറ്റുള്ളവർക്കൊപ്പം ജീവിച്ച് പോകുന്ന ആൾക്കാരാണ് ഞങ്ങൾ. അതിലൂടെ ഉണ്ടായ ഞങ്ങളുടെ ശരി എന്ന് തോന്നുന്ന ഒരു കാര്യം, ഞങ്ങൾ അതിനെ കറക്ട് ചെയ്യുന്നു.
ഇതൊരു വിവാദം എന്ന് പറയുന്നതിലേക്ക് പോകേണ്ട കാര്യമില്ല. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തെയും മൊത്തം പ്രേക്ഷകരും ഈ സിനിമ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നുവെന്നുമാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
അതേസമയം, വിവാദങ്ങൾക്കിടയിലും എമ്പുരാൻ ആഗോളതലത്തിൽ ഇതുവരെ നേടിയത് 165 കോടി കളക്ഷനാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും സിനിമ റെക്കോർഡുകൾ തകർത്തെറിയുകയാണ്. കോംസ്‌കോറിന്റെ റിപ്പോർട്ട് പ്രകാരം മാർച്ച് 27 മുതൽ 30 വരെയുള്ള വീക്കെൻഡിൽ എമ്പുരാനിൽ ആഗോള കളക്ഷനിൽ മൂന്നാം സ്ഥാനം കൈവരിച്ചിരിക്കുകയാണ്. ‘ഛാവ’യെയും മറികടന്നാണ് എമ്പുരാൻ ഈ നേട്ടത്തിലേക്ക് എത്തിയത്.