മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല, നോട്ടീസ് നല്‍കി വിട്ടയച്ചു

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസില്‍ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യില്ല. പകരം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസ് നല്‍കി വിട്ടയച്ചു. നടക്കാവ് പോലീസ് സ്‌റ്റേഷനിലാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരായത്. ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയാല്‍ സുരേഷ് ഗോപി വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തനിക്ക് പിന്തുണയുമായി എത്തിയവര്‍ നല്‍കിയ സ്‌നേഹത്തിന് നന്ദിയറിക്കുന്നതായി ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കളുടെ പേര് എടുത്ത് പറഞ്ഞായിരുന്നു നന്ദി. ഹാജരാകാന്‍ നോട്ടീസ് നല്‍കിയാല്‍ വീണ്ടും ഹാജരാകുമെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. 354 എ പ്രകാരമാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്.

സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യവുമായി മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌റ്റേഷന്‍ കവാടത്തില്‍ മുദ്രാവാക്യം മുഴക്കി. സുരേഷ് ഗോപി സ്‌റ്റേഷനിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്‌റ്റേഷനിലേക്ക് ബിജെപി നടത്തിയ റാലി സ്‌റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞിരുന്നു.

തുടര്‍ന്ന് പോലീസിനെതിരേ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ‘കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുമായി ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 500ഓളം പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തുണ്ടായിരുന്നു. രാവിലെ 10.30ന് സ്‌റ്റേഷനില്‍ എത്താനായിരുന്നു സുരേഷ് ഗോപിക്ക് പോലീസ് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന്, സ്‌റ്റേഷന്‍ പരിസരത്ത് കനത്തസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്.

Vijayasree Vijayasree :