കൃമികീടങ്ങളെ ഒന്നും ഞാന്‍ വകവച്ചു കൊടുക്കാറില്ല, ഗോകുല്‍ പറഞ്ഞത് മകന്റെ വിഷമം; സുരേഷ് ഗോപി

അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം സമ്മാനിച്ചത് ഒട്ടനവധി കഥാപാത്രങ്ങളാണ്. എന്നാല്‍ പലപ്പേഴും വിമര്‍ശനങ്ങളും ട്രോളുകളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അച്ഛനെതിരെ വരുന്ന ഇത്തരം വിമര്‍ശനങ്ങനെ കുറിച്ച് അടുത്തിടെ ഗോകുല്‍ സുരേഷ് പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘അച്ഛന്‍ അഭിനേതാവായി തുടരുന്നതാണ് എനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടം. അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നെ വളരെ അധിതം സന്തോഷിപ്പിച്ചിരുന്നു. കാരണം അച്ഛനെന്ന രാഷ്ട്രീയക്കാരന്‍ ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരന്‍ അല്ല. നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുത്താല്‍ ആയിരം രൂപ എവിടുന്ന് പിരിക്കാം എന്ന് അറിയുന്നവരാണ് യഥാര്‍ഥ രാഷ്ട്രീയക്കാര്‍.

അച്ഛന്‍ എങ്ങനെയാണെന്ന് വച്ചാല്‍ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ച് നൂറ് രൂപ ജനങ്ങള്‍ക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും അദ്ദേഹത്തെ വിമര്‍ശിക്കുന്ന സമൂഹത്തിലാണ് അച്ഛന്‍ ജീവിക്കുന്നത്. ആ ജനത അച്ഛനെ അര്‍ഹിക്കുന്നില്ല’, എന്നാണ് ഗോകുല്‍ അന്ന് പറഞ്ഞത്. ഗരുഡന്‍ പ്രസ് മീറ്റില്‍ ഇതേപറ്റി സുരേഷ് ഗോപിയോട് ചോദിച്ചിരുന്നു. ഇതിന്, ‘അങ്ങനെ ഒരു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഗോകുലിന് ഉണ്ട്.

അവന്റെ അമ്മയ്ക്കും അതുപോലൊരു അഭിപ്രായം ഉണ്ട്. പക്ഷേ ആ അഭിപ്രായം ഇന്നുവരെ എന്നോടോ മറ്റാരോടുമോ പറഞ്ഞിട്ടില്ല. ഏട്ടന്‍ അധ്വാനിക്കുന്നു, ഏട്ടന്റെ പണം, ഏട്ടന്റെ ആരോഗ്യം ചെലവാക്കി സമ്പാദിക്കുന്ന പണം. എന്തു ചെയ്യണമെന്ന് ഏട്ടനാണ് തീരുമാനിക്കുന്നത്. അതിനകത്ത് ആരോഗ്യം സംരക്ഷിക്കാന്‍ എന്തു ചെയ്യണം എന്നത് മാത്രമാണ് എന്റെ കോണ്‍ട്രിബ്യൂഷന്‍.

അതിനകത്ത് ഒരഭിപ്രായം പറയാന്‍ ഞാന്‍ തയ്യാറല്ല എന്നാണ് രാധിക പലപ്പോഴും പറഞ്ഞിട്ടുള്ളത്. ഗോകുലിനോട് തന്നെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ അത് എന്റെ അടുത്തെത്തിയിട്ടില്ല. ഗോകുല്‍ അന്ന് പറഞ്ഞത് ഒരു മകന്റെ വിഷമം ആയിരിക്കും. ഒരുപാട് പേരിങ്ങനെ പുലഭ്യം പറയുമ്പോള്‍ വരുന്നതാണത്. രാഷ്ട്രീയക്കാരനായ അച്ഛനില്‍ നിന്നും ദൂരം പാലിച്ച് നില്‍ക്കണമെന്ന് ഞാന്‍ മക്കളോട് പറഞ്ഞിട്ടുണ്ട്. ഈ പ്രശ്‌നങ്ങളൊന്നും അപ്പോഴുണ്ടാകില്ല.

സിനിമാക്കാരെ കുറിച്ചും ഇങ്ങനെ ഒക്കെ പറയുന്നില്ലേ. മറ്റുള്ളവര്‍ നമ്മെ കുറിച്ച് എന്തു പറയുന്നു, മനസിലാക്കുന്നു എന്നതെല്ലാം അപ്രസക്തമായ കാര്യങ്ങളാണ്. നമ്മള്‍ എന്തായിരിക്കണം എന്നത് നമ്മള്‍ തന്നെ നിശ്ചയിച്ചാല്‍, അതിന് സത്യം കൂടുതല്‍ ആണെങ്കില്‍, മാലിന്യം ലവലേശം ഇല്ലായെങ്കില്‍ ആ പാതിയിലൂടെ അങ്ങ് സഞ്ചരിച്ച് കൊണ്ടിരിക്കുക. ഞാന്‍ അതാണ് ചെയ്യുന്നത്. കൃമികീടങ്ങളെ ഒന്നും ഞാന്‍ വകവച്ചു കൊടുക്കാറില്ല. വകവച്ചു കൊടുക്കുകയും ഇല്ല’, എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Vijayasree Vijayasree :