ആറ്റുകാലിൽ അന്നദാനം നടത്തി സുരേഷ് ​ഗോപിയും ഭാര്യയും, സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റും

കഴിഞ്ഞ ദിവസം, ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആറ്റുകാലിൽ അന്നദാനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. ഭാര്യ രാധികയ്ക്കൊപ്പമെത്തിയാണ് നടൻ അന്നദാനം നടത്തിയത്. കാത്തുനിന്ന ഭക്തജനങ്ങൾക്ക് സുരേഷ് ​ഗോപി ഭക്ഷണം വിളമ്പി നൽകി.

കഴിഞ്ഞ ദിവസം നടന്ന അന്നദാനത്തിന്റെ ചെലവ് സുരേഷ് ​ഗോപിയാണ് വഹിക്കുന്നത്. 15 മിനിറ്റോളം സുരേഷ് ​ഗോപി തന്നെയാണ് ഭക്തർക്ക് അന്നം വിളമ്പിയത്. വരുന്ന ഭക്തരോട് കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചുമൊക്കെയാണ് നടൻ സജീവമായത്.

എല്ലാ വർഷവും ആറ്റുകാൽ പൊങ്കാലയുടെ തലേദിവസം ഇവിടെ വന്ന് അന്നദാനം നടത്താറുണ്ടെന്ന് രാധിക സുരേഷ് ​ഗോപിയും പറഞ്ഞിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി വീട്ടിലാണ് പൊങ്കാല ഇടുന്നത്. ഗായകൻ ജി വേണു​ഗോപാലും സുരേഷ് ​ഗോപിയോടൊപ്പം അന്നദാനം വിതരണം ചെയ്യാൻ പങ്കെടുത്തിരുന്നു.

അതേസമയം, സെക്രട്ടേറിയറ്റ് പടിക്കൽ സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റ് വിതരണം ചെയ്യുകയും ചെയ്തു സുരേഷ് ഗോപി. ഇന്നലെ രാവിലെ യാത്രയ്ക്കിടയിൽ സമരവേദിയിൽ എത്തി കിറ്റ് എത്തിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. വൈകിട്ട്, പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ നൂറോളം പേർക്കുള്ള അരി, ശർക്കര, വാഴക്കുല, തേങ്ങ എന്നിവ സമരവേദിയിൽ എത്തിക്കുകയായിരുന്നു.

Vijayasree Vijayasree :