നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് സുരേഷ് ഗോപി. ഇപ്പോള്‍ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. ഇപ്പോഴിതാ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിക്കലാശത്തിന് സജീവമാകില്ലെന്ന് പറയുകയാണ് സുരേഷ് ഗോപി.
കഴിഞ്ഞ വര്‍ഷം കുടുംബാംഗങ്ങള്‍ കലാശക്കൊട്ടിലുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ ആരും വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വന്ദനാദാസിന്റെ അച്ഛനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തില്‍ നിന്ന് ആരും കലാശക്കൊട്ടിന് വരില്ല. കാരണം അത്ര നികൃഷ്ടന്മാര്‍ നമ്മുടെ സംസ്ഥാനത്ത് ഉള്ളതുകൊണ്ട്, മതേതരത്വത്തെ മാനിക്കാത്തവരുള്ളതിനാല്‍, ജനാധിപത്യ അവകാശങ്ങളെ ബഹുമാനിക്കാത്തവര്‍ ഉള്ളതിനാല്‍, ആരും വരില്ല. ഇത് എന്റെ കാര്യമാണ്. എന്റെ രാഷ്ട്രീയമാണ്. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്.
വികസനമാണ് ചര്‍ച്ചയാകുന്നത്. വഞ്ചിച്ചവരെ ജനങ്ങള്‍ തിരിച്ചറിയും. കേരളത്തില്‍ എന്‍ഡിഎ പല സീറ്റുകളിലും വിജയിക്കും. എല്ലായിടത്തും ജനങ്ങള്‍ വലിയ സ്വീകാര്യത നല്‍കുന്നു.
എംപി എന്താണെന്ന് ആര്‍ക്കും അറിയില്ലെങ്കില്‍ ഞാന്‍ അത് മനസിലാക്കി കൊടുക്കാം. കൂടുതല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തില്‍ നിന്നുള്ള പരക്കം പാച്ചിലിനൊടുവിലെ തീരുമാനമാണ് അവര്‍ എടുക്കാന്‍ പോകുന്നത്. അത് തൊഴുത് വണങ്ങി സ്വീകരിക്കും സുരേഷ് ഗോപി പറഞ്ഞു.