മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ചോദ്യം ചോദിക്കാന്‍ വന്ന വനിതാ റിപ്പോര്‍ട്ടറുടെ തോളില്‍ പിടിക്കുകയായിരുന്നു സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റിയെങ്കിലും വീണ്ടും സുരേഷ് ഗോപി ഇത് ആവര്‍ത്തിക്കുയായിരുന്നു. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. മോശം ഉദ്ദേശത്തോടെ സുരേഷ് ഗോപി സ്പര്‍ശിച്ചെന്ന് കാണിച്ചുള്ള പരാതിയില്‍ 354 A വകുപ്പ് ചുമത്തിയാണ് പോലീസ് കേസ് എടുത്തത്. കേസില്‍ നവംബര്‍ 18 ന് സുരേഷ് ഗോപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം കൂടി കേസില്‍ പോലീസ് ഉള്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമായതിനാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ട്.

ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും റിസപ്ഷന്‍ തിരുവനന്തപുരത്തും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കുവേണ്ടി പ്രതിഷേധമാര്‍ച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാന്‍ കാരണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

മാധ്യമങ്ങളെ കണ്ട ശേഷം പോകാനൊരുങ്ങിയ തന്നെ മാധ്യമപ്രവര്‍ത്തക തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്നതടക്കമുള്ള വാദങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ നേരത്തേ സുരേഷ് ഗോപിമാപ്പ് പറഞ്ഞിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Vijayasree Vijayasree :