അയ്യപ്പനെ കെട്ടിപ്പിടിച്ച് തഴുകുവാന്‍ വേണ്ടി സുരേഷ് ഗോപി തന്ത്രി കുടുംബത്തിലല്ല ജനിക്കേണ്ടത്; സുരേഷ് ഗോപിയ്ക്ക് മറുപടിയുമായി ഐക്യ മലയരയ സഭ

അടുത്ത ജന്മത്തില്‍ താഴമണ്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്ന ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി ഐക്യ മലയരയ സഭ. തന്ത്രി കുടുംബത്തില്‍ ജനിച്ച് ശബരിമല ശാസ്താവിനെ അകത്ത് കയറി തഴുകാനാണ് മോഹമെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

അതിന് സുരേഷ് ഗോപി ജനിക്കേണ്ടത് തന്ത്രി കുടുംബത്തിലല്ല മല അരയ കുടുംബത്തിലാണെന്ന് മല അരയ മഹാസഭ സെക്രട്ടറി പികെ സജീവ് പറഞ്ഞു. ഫേസ്ബുക്കിലാണ് പികെ സജീവിന്റെ പ്രതികരണം.

”അയ്യപ്പനെ കെട്ടിപ്പിടിച്ച് തഴുകുവാന്‍ വേണ്ടി സുരേഷ് ഗോപി തന്ത്രി കുടുംബത്തിലല്ല ജനിക്കേണ്ടത്. മല അരയ കുടുംബത്തില്‍ പിറക്കുകയാണു വേണ്ടത്. മല അരയ കുടുംബത്തില്‍ പിറക്കാന്‍ ഞങ്ങള്‍ അങ്ങയെ ക്ഷണിക്കുകയാണ്. കാരണം 18 മലകളുടെ അധിപരായിരുന്ന മല അരയരാണ് ശബരിമല അമ്പലം സ്ഥാപിച്ചതും പമ്പ അടക്കമുള്ള പ്രദേശങ്ങളിലെ വികസിതനാഗരികത നിര്‍മ്മിച്ചതും.

ശബരിമല അമ്പലത്തിലെ ആദ്യ പൂജാരിയും സ്വാമിക്ക് ഇഷ്ടമായ പഞ്ചലങ്കാര പൂജാവിധികളും തേനഭിഷേകവും നിശ്ചയിച്ചതും 18 പടികളില്‍ ആദ്യപടി ഇട്ടതും കരിമലയുടെ അധിപനായിരുന്ന കരിമല അരയനായിരുന്നു. വരുമാനമായിക്കഴിഞ്ഞപ്പോള്‍ രാജാവും പിന്നീട് സര്‍ക്കാരും കൈവശപ്പെടുത്തുകയായിരുന്നു.

ക്ഷേത്രം നിര്‍മ്മിച്ച ജനത ഇന്നും പടിക്കു പുറത്ത്. പൊന്നമ്പലമേട്ടില്‍ സമുദായത്തിന്റെ കുലദൈവമായസ്വാമിക്കായിഒരു വിളക്കുതെളിക്കാന്‍ പോലും മാറി മാറി വന്ന ഭരണക്കാര്‍ അനുവദിക്കുന്നില്ല. അതിനാല്‍ അയ്യന് യഥാവിധി പൂജ നടത്താനും തേനഭിഷേകം നടത്തുവാനും അങ്ങ് മല അരയ സമുദായത്തില്‍ പിറക്കുവാന്‍ ആഗ്രഹിക്കുക..

മലയാളത്തിന്റെ മഹാനടനായ സുരേഷ് ഗോപി അങ്ങയുടെ ചിത്രങ്ങള്‍ ജാതി മത വ്യത്യാസങ്ങള്‍ നോക്കാതെയാണ് ഞങ്ങള്‍ കാണാറുള്ളത്. എന്നാല്‍ ഇങ്ങനെ ഒന്നു പ്രതീക്ഷിച്ചില്ല. ഇനി ഞങ്ങളുടെ സമുദായത്തില്‍ ജനിച്ചില്ലെങ്കിലും കുഴപ്പമില്ല.

നിത്യപൂജയുള്ള ഏതെങ്കിലുംക്ഷേത്രത്തില്‍ തുടര്‍ച്ചയായി 10 വര്‍ഷം പൂജ നടത്തിയ ഏതൊരാള്‍ക്കും ശബരിമല മേല്‍ശാന്തിയാകാന്‍ യോഗ്യതയുണ്ടെന്ന് സുപ്രീം കോടതി വിധിയുമുണ്ട് സര്‍.. പക്ഷെ നടപ്പാക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

അയ്യനെ തഴുകാന്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് പറഞ്ഞ വേദിയും മാറിപ്പോയി. ജാതി വ്യവസ്ഥിതിക്കെതിരെ നിരന്തര പോരാട്ടങ്ങള്‍ നടത്തിയ നവോത്ഥാന നായകനായ പണ്ഡിറ്റ് കറുപ്പന്റെ വേദി തന്നെ ഇതിനായി ഉപയോഗിച്ചല്ലോ എന്നത് ഏറെ കഷ്ടം തന്നെ.”

Vijayasree Vijayasree :